World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

Indian Team
രേണുക വേണു| Last Modified ശനി, 10 ജനുവരി 2026 (09:31 IST)
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ഇന്ത്യന്‍ സാധ്യതകള്‍ മങ്ങുന്നു. ആഷസ് പരമ്പര അവസാനിച്ചതോടെ അടുത്ത ഫൈനലിലേക്കുള്ള യോഗ്യത ഓസ്‌ട്രേലിയ 91 ശതമാനവും ഉറപ്പിച്ചുകഴിഞ്ഞു. ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിലവില്‍ ഫൈനലിലെത്താന്‍ വെറും 4 ശതമാനം സാധ്യതയാണുള്ളത്.


2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ 9 മത്സരങ്ങള്‍ കളിച്ച ഇന്ത്യ നാല് വിജയങ്ങളും നാല് തോല്‍വികളും ഒരു സമനിലയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെയും നാട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുമായി രണ്ട് വിജയങ്ങള്‍ മാത്രമാണ് ഇന്ത്യ നേടിയത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇനി 9 മത്സരങ്ങളാണ് ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ എട്ടിലും വിജയിച്ചെങ്കില്‍ മാത്രമെ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് അല്പമെങ്കിലും സാധ്യതയുള്ളു.


ഇതില്‍ ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും നാല് എവേ ടെസ്റ്റുകളും നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുമാണുള്ളത്. നിലവിലെ ഫോമില്‍ എവേ ടെസ്റ്റുകളില്‍ വിജയിക്കുന്നതും ഓസ്‌ട്രേലിയക്കെതിരെ നാലോ അഞ്ചോ ടെസ്റ്റുകളില്‍ വിജയിക്കുന്നതും ഇന്ത്യയ്ക്ക് സ്വപ്നം കാണാനാവാത്ത സ്ഥിതിയാണ്.


പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് ആറ് ഹോം മത്സരങ്ങള്‍ ഉള്‍പ്പെടെ 14 ടെസ്റ്റുകളാണ് ബാക്കിയുള്ളത്. ഇതില്‍ ഏഴ് വിജയങ്ങള്‍ മാത്രം മതി ഓസീസിന്
ഫൈനല്‍ ഉറപ്പാക്കാന്‍. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത് 71 ശതമാനം സാധ്യതയാണ് അവര്‍ക്കുള്ളത്. എട്ട് ഹോം ടെസ്റ്റുകള്‍ ഉള്‍പ്പെടെ 10 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കും ഫൈനല്‍ ഉറപ്പിക്കാം. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണത്തേത് പോലെ ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ ഫൈനലാകും ഇത്തവണയും നടക്കുക.

മറ്റ് ടീമുകളുടെ സാധ്യതകള്‍

മൂന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 16 ശതമാനം സാധ്യതയാണുള്ളത്. 13 മത്സരങ്ങളില്‍ എട്ട് വിജയങ്ങളാണ് ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ന്യൂസിലന്‍ഡിന് ആവശ്യമായുള്ളത്. ശ്രീലങ്കയ്ക്ക് 9 ശതമാനവും പാകിസ്ഥാന് 5 ശതമാനവും ഇംഗ്ലണ്ടിന് 3 ശതമാനവും സാധ്യതയാണ് ടൂര്‍ണമെന്റിലുള്ളത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേരിയ വ്യത്യാസത്തില്‍ ഫൈനല്‍ പ്രവേശനം നഷ്ടമാക്കിയ ഇടത്ത് നിന്നാണ് ഇന്ത്യയുടെ ദയനീയമായ വീഴ്ച.



ശ്രീലങ്കയിലും ന്യൂസിലന്‍ഡിലും പരമ്പരകള്‍ വിജയിക്കുക എന്നതും നാട്ടില്‍ ഓസീസിനെതിരെ അഞ്ച് ടെസ്റ്റുകളിലും വിജയിക്കണമെന്നതും ഇന്ത്യയ്ക്ക് മുന്നില്‍ കനത്ത വെല്ലുവിളിയാണ്. ഇന്ത്യന്‍ സ്പിന്‍ ട്രാക്കുകളില്‍ എതിര്‍ ടീം ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മടങ്ങുന്നതും ആര്‍ അശ്വിന്റെ അഭാവവും ടീമിനെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്. അജിങ്ക്യ രഹാനെ, വിരാട് കോലി,ചേതേശ്വര്‍ പുജാര തുടങ്ങിയ താരങ്ങള്‍ക്ക് പകരക്കാരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്നതും ഇന്ത്യന്‍ സാധ്യതകളെ ഇല്ലാതെയാക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :