നീരുവച്ച വിരലുമായി കിവീസ് താരം വീണ്ടും കളിക്കാനിറങ്ങി; ടെസ്റ്റ് കരിയറിലെ അവസാന മത്സരം

രേണുക വേണു| Last Modified ബുധന്‍, 23 ജൂണ്‍ 2021 (20:27 IST)

ടെസ്റ്റ് കരിയറിലെ അവസാന മത്സരം കളിക്കുകയാണ് ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബി.ജെ.വാട്‌ലിങ്. ന്യൂസിലന്‍ഡിനായി ടെസ്റ്റ് കളിക്കുന്ന അവസാന ദിനമാണിന്ന്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് അവസാനിക്കുമ്പോള്‍ വാട്‌ലിങ്ങിന്റെ ടെസ്റ്റ് കരിയറിനും തിരശീല വീഴുകയാണ്. അവസാന ദിനം കളിക്കാനിറങ്ങിയ വാട്‌ലിങ്ങിനെ കിവീസ് താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ വാട്‌ലിങ്ങിന് കൈ കൊടുത്ത് ആശംസകള്‍ നേര്‍ന്നു. ഐസിസി ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

നീരുവച്ച വിരലുമായാണ് വാട്‌ലിങ് തന്റെ അവസാന ദിനം കളിക്കാനിറങ്ങിയത്. കളിക്കിടെ പറ്റിയ പരുക്കാണ്. വാട്‌ലിങ്ങിന്റെ വലത് കൈയിലെ മോതിരവിരല്‍ ഒരുവശത്തേക്ക് തിരിഞ്ഞു. വിരലില്‍ നല്ല നീരുമുണ്ട്. എന്നാല്‍, വൈദ്യസഹായം തേടിയ ശേഷം തുടര്‍ന്ന് കളിക്കാന്‍ തന്നെയായിരുന്നു വാട്‌ലിങ്ങിന്റെ തീരുമാനം. വേദന കടിച്ചമര്‍ത്തിയാണ് വാട്‌ലിങ് പിന്നീട് ന്യൂസിലന്‍ഡിനായി കീപ്പ് ചെയ്തത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുകയും വേണം. വാട്‌ലിങ്ങിന് ടീമിനോടുള്ള സമര്‍പ്പണമനോഭാവം കണ്ട് ക്രിക്കറ്റ് ലോകം ഒന്നടങ്കം കൈയടിക്കുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :