സൗത്താഫ്രിക്കയ്ക്കായി 21കാരൻ്റെ വെടിക്കെട്ട്, കോളടിച്ചത് മുംബൈ ഇന്ത്യൻസിന്

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ജൂലൈ 2022 (21:21 IST)
2022 ഐപിഎൽ സീസൺ വളരെയേറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. പുതിയതായി 2 ഐപിഎൽ ടീമുകൾ കൂടി രംഗത്ത് വന്നപ്പോൾ പല ടീമുകൾക്കും കാലങ്ങളായി തങ്ങൾ കെട്ടിപടുത്ത ടീമിൻ്റെ അടിത്തറ നഷ്ടപ്പെടുത്തേണ്ടി വന്നു. പല ടീമുകൾക്കും ഇത് പുതിയ ടീമിലെ വാർത്തെടുക്കാനുള്ള അവസരമായപ്പോൾ മുംബൈയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ മികച്ച ചില താരങ്ങൾ നഷ്ടപ്പെടുന്നതിന് ഈ മാറ്റം
കാരണമായി.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനമായിരിന്നെങ്കിലും തിലക് വർമ, ഡെവാൾഡ് ബ്രെവിസ്,ടിം ഡേവിഡ് എന്നീ താരങ്ങളിലൂടെ 2023ൽ തങ്ങളെ എഴുതിതള്ളനാവില്ല എന്ന സൂചനയാണ് മുംബൈ നൽകിയത്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ പുതുമുഖ താരമായ ട്രിസ്റ്റ്യൻ സ്റ്റബ്സ് കത്തികയറിയപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കൊപ്പം സന്തോഷിക്കുന്നത് മുംബൈ ഇന്ത്യൻസ് കൂടിയാകുമെന്ന് ഉറപ്പ്. മത്സരത്തിൽ 28 പന്തിൽ 2 ഫോറും 8 സിക്സും സഹിതം 72 റൺസാണ് ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റബ്സ് അടിച്ചെടുത്തത്.

ഇഷാൻ കിഷൻ,ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര എന്നീ യുവതാരങ്ങളെ വളർത്തിയെടുത്ത
മുംബൈ 2022 ലേലത്തിൽ സമാനമായ കളിക്കാരെയാണ് കണ്ടെത്തിയതെന്ന് തീർച്ചയായും അനുമാനിക്കാവുന്നതാണ്. തിലക് വർമയും ബ്രെവിസും മുംബൈ ജേഴ്സിയിൽ തങ്ങളുടെ കഴിവ് തെളിയിച്ചപ്പോൾ തൻ്റെ കയ്യിലെ മരുന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലാണ് സ്റ്റബ്സ് പുറത്തെടുത്തത്.

അടുത്തവർഷം മറ്റൊരു ഐപിഎൽ ടൂർണമെൻ്റിന് തുടക്കം കുറിക്കുമ്പോൾ ഒരു കാര്യം ഉറപ്പാണ്. മുംബൈയുടെ ആവനാഴിയിൽ എതിരാളികൾക്ക് നാശം വിതയ്ക്കാൻ നിരവധി താരങ്ങളാണ് ഒരുങ്ങുന്നത്. കൂട്ടത്തിൽ സൗത്താഫ്രിക്കയുടെ 21കാരൻ ട്രിസ്റ്റ്യൻ സ്റ്റബ്സും ഉണ്ടാകുമെന്നുറപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :