ധോണിയെ ടി20 ലോകകപ്പ് ടീമിൽനിന്നും അങ്ങനെ അവഗണിക്കാനാകില്ല, പ്രതികരണവുമായി മുൻ ഇന്ത്യൻ താരം

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 20 മാര്‍ച്ച് 2020 (12:39 IST)
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയെ അങ്ങനെ അവഗണിക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വസീം ജാഫര്‍. ധോണി ഫോമിലാണെങ്കില്‍ തീർച്ചയായും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് വസീം ജാഫർ പറയുന്നത്.

ഋഷഭ് പന്തിന്റേയും കെ.എല്‍ രാഹുലിന്റേയും സമ്മര്‍ദ്ദം കുറക്കാനും ധോണി ടീമിൽ എത്തുന്നതിലൂടെ സാധിക്കും എന്നും വസീം ജാഫർ പറയുന്നു. 'ധോണി ഫോമിലാണെങ്കില്‍ അദ്ദേഹത്തെ അവഗണിക്കരുത് എന്നതാണ് എന്റെ അഭിപ്രായം. സ്റ്റംപിന് പിന്നിലും ബാറ്റിങ് ഓര്‍ഡറിലും അദ്ദേഹം മുതല്‍ക്കൂട്ടാണ്. ഒപ്പം രാഹുലിനെ വിക്കറ്റ് കീപ്പര്‍ എന്ന അധിക സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിവാകാം. ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ ആവശ്യമെങ്കിൽ ഋഷഭ് പന്തിനേയും ഉപയോഗപ്പെടുത്താം.' വസീം ജാഫര്‍ പറഞ്ഞു.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമി ഫൈനലിന് ശേഷം ധോണി പിന്നീട് ഇന്ത്യക്കായി കളിച്ചിട്ടില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ ധോനിയെ ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കു എന്ന് നേരത്തെ പരിശീലകന്‍ രവി ശാസ്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഐപിഎല്‍ നീട്ടിവെച്ചതോടെ ധോണിയുടെ തിരിച്ചുവരവും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :