അഹമ്മദാബാദ് ടെസ്റ്റിൽ നൂറ്റാണ്ടിലെ നേട്ടവുമായി ഖവാജ, അത്യപൂർവ റെക്കോർഡ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 മാര്‍ച്ച് 2023 (14:29 IST)
അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറിയുമായി ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് ഓസീസ് ഉസ്മാൻ ഖവാജ. മത്സരത്തിൻ്റെ രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സ്വന്തം സ്കോർ 150 റൺസിലെത്തിയതോടെ 21ആം നൂറ്റാണ്ടിൽ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 150 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് താരമായി ഖവാജ മാറി. 346 പന്തിൽ നിന്നാണ് താരം 150 റൺസ് തികച്ചത്.

2001ൽ മാത്യു ഹെയ്ഡന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഓസീസ് ഓപ്പണറാണ് ഖവാജ. 2001ലെ ചെന്നൈ ടെസ്റ്റിൽ 203 റൺസാണ് മാത്യു ഹെയ്ഡൻ സ്വന്തമാക്കിയത്.ഇന്ത്യയിൽ ടെസ്റ്റിൽ 150ന് മുകളിൽ റൺസ് നേടുന്ന നാലാമത്തെ മാത്രം ഓസീസ് ഓപ്പണറാണ് ഖവാജ. 1956ൽ ജിം ബ്രൂക്ക്(161), 1979 ൽ ഗ്രഹാം യാലോപ്(169) എന്നിവയാണ് ഓസീസ് ഓപ്പ്ണർമാരുടെ ഇന്ത്യയിലെ മറ്റ് മികച്ച പ്രകടനങ്ങൾ.

2019ന് ശേഷം ഇന്ത്യയിലെ 150ന് മുകളിൽ റൺസ് നേടുന്ന ആദ്യ ഓപ്പണറാണ് ഖവാജ, ഹെയ്ഡൻ 2001ൽ നേടീയ 201 റൺസിന് ശേഷം സന്ദർശക ടീമിൻ്റെ 5 ഓപ്പണർമാർ മാത്രമാണ് ഇന്ത്യയിൽ 150ന് മുകളിൽ റൺസ് നേടിയിട്ടുള്ളു. 2004ൽ ദക്ഷിണാഫ്രിക്കയുടെ ആൻഡ്യൂ ഹാൾ(163), 2008ൽ ദക്ഷിണാഫ്രിക്കയുടെ നീൽ മക്കൻസി(155*), 2010ൽ ന്യൂസിലൻഡിൻ്റെ ബ്രണ്ടൻ മക്കല്ലം(225), 2012ൽ ഇംഗ്ലണ്ടിൻ്റെ അലിസ്റ്റർ കുക്ക്(190) 2019ൽ ദക്ഷിണാഫ്രിക്കയുടെ ഡീൻ എൽഗാർ(160)എന്നിവരാണ് ഖവജയ്ക്ക് പുറമെ 150ന് മുകളിൽ സ്കോർ ചെയ്തിട്ടുള്ള സന്ദർശക ടീമുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :