ഐപിഎൽ ഇന്ത്യൻ താരങ്ങളെ അഹങ്കാരികളാക്കി. തങ്ങൾക്ക് എല്ലാം അറിയാമെന്ന ഭാവമാണ്: കപിൽദേവ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജൂലൈ 2023 (18:10 IST)
ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അഹങ്കാരികളാക്കി മാറ്റിയെന്ന് ഇതിഹാസതാരം കപില്‍ദേവ്. യുവതാരങ്ങളാരും തന്നെ തന്നോട് ബാറ്റിംഗ് ടെക്‌നിക്കുകളെ പറ്റിയോ മറ്റോ ഉപദേശങ്ങള്‍ തേടി വരാറില്ലെന്ന ഇതിഹാസതാരം സുനില്‍ ഗവാസ്‌കറുടെ അഭിപ്രായത്തോടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവതാരങ്ങള്‍ വളരെയധികം ആത്മവിശ്വാസം ഉള്ളവരാണ്. അത് വളരെ നല്ല കാര്യമാണ്. എന്നാല്‍ അതേസമയം തങ്ങള്‍ക്ക് എല്ലാം അറിയാമെന്ന ധാരണ പല താരങ്ങള്‍ക്കും ഉണ്ട്.

ആരോടും ഒന്നും ചോദിക്കേണ്ടതില്ലെന്ന നിലപാടാണ് പലര്‍ക്കുമുള്ളത്. ഞങ്ങളെല്ലാവരും തന്നെ അനുഭവസമ്പന്നരായ താരങ്ങളോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കിയിരുന്നു. എന്നാല്‍ ഇന്ന് അത് സംഭവിക്കുന്നില്ല.ഇന്നത്തെ ക്രിക്കറ്റ് താരങ്ങളില്‍ പലര്‍ക്കും സഹായം ആവശ്യമാണ് എന്നതാണ് സത്യം. ഗവാസ്‌കറെ പോലൊരു താരം അവിടെയുള്ളപ്പോള്‍ അദ്ദേഹത്തോട് സംസാരിച്ചാല്‍ എന്താണ് പ്രശ്‌നം. നിങ്ങളുടെ ഈഗോയാണോ പ്രശ്‌നം. കപില്‍ ചോദിക്കുന്നു.

ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നതിനേക്കാള്‍ ഐപിഎല്ലാണ് പലരുടെയും ലക്ഷ്യം. ഇന്ത്യയ്ക്കായി ഒരു വര്‍ഷം കളിച്ചാല്‍ ലഭിക്കുന്നതിന്റെ 3 മടങ്ങ് പ്രതിഫലം ഐപിഎല്ലില്‍ നിന്നും ലഭിക്കുന്നു. കൂടാതെ പ്രശസ്തി ലഭിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചാലെ ഇന്ത്യന്‍ ടീമിലെത്തു എന്ന സ്ഥിതിയല്ല ഇപ്പോഴുള്ളത്. ഐപിഎല്ലും ടീം സെലക്ഷനെ സ്വാധീനിക്കുന്നു. ഇന്ന് സൂപ്പര്‍ താരങ്ങള്‍ അനവധിയാണ്. എന്നാല്‍ ഇതില്‍ വലിയ കരിയര്‍ ഉണ്ടാക്കുന്ന താരങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ട്. ടെക്‌നിക്കിന്റെ കുറവാണ് ഇതിന് കാരണം. അനുഭവസമ്പന്നരായ താരങ്ങളുമായി സംസാരിച്ച് പഠിക്കാന്‍ ഇന്നത്തെ താരങ്ങള്‍ക്ക് സാധിക്കുന്നില്ല.കപില്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :