വെറുതെ ബുമ്രയെ നോക്കിയിരുന്ന് സമയം കളയരുത്, ബിസിസിഐ നിർത്തിപൊരിച്ച് കപിൽദേവ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജൂലൈ 2023 (17:07 IST)
ഇന്ത്യന്‍ താരങ്ങളുടെ പരിക്കിനെ ബിസിസിഐ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്. കളിക്കാര്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതിനെയും പരിക്ക് കൈകാര്യം ചെയ്യുന്ന രീതിയേയുമാണ് ഇന്ത്യന്‍ ഇതിഹാസതാരം വിമര്‍ശിച്ചത്.

പരിക്ക് മൂലം ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുമ്രയ്ക്ക് ടി20 ലോകകപ്പ്,ഏഷ്യാകപ്പ്,ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയടക്കം നിരവധി മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇനിയും ബുമ്രയെ നോക്കിയിരുന്നു ഇനിയും ബിസിസിഐ സമയം നഷ്ടമാക്കേണ്ടതുണ്ടോ എന്നാണ് കപില്‍ ചോദിക്കുന്നത്. ബുമ്ര ലോകകപ്പില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിലാണ് നമ്മളെല്ലാം. എന്നാല്‍ ബുമ്ര വീണ്ടും തിരിച്ചെത്തുകയും വീണ്ടും പരിക്കേറ്റ് ലോകകപ്പ് സെമിയിലോ ഫൈനലിലോ കളിക്കാതിരിക്കുകയും ചെയ്താല്‍ ബുമ്രയ്ക്കായി പാഴാക്കിയ സമയം വെറുതെയാകും.

കളിക്കാര്‍ക്ക് ചെറിയ പരിക്കുണ്ടെങ്കിലും ഐപിഎല്‍ കളിക്കാന്‍ അവര്‍ തയ്യറാണ് ഇന്ത്യയ്കായി പക്ഷേ അങ്ങനെയല്ല കാര്യങ്ങള്‍. ഏറെ കാലം നീണ്ട് നിന്ന എന്റെ കരിയറില്‍ പരിക്കുകളോന്നും സംഭവിക്കാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇന്നത്തെ കളിക്കാര്‍ വര്‍ഷത്തില്‍ 10 മാസവും കളിക്കുന്നവരാണെന്ന ആനുകൂല്യം അവര്‍ക്ക് നല്‍കിയാല്‍ പോലും പരിക്കേല്‍ക്കാതിരിക്കുക എന്നത് ഒരു കളിക്കാരന്റെ ഉത്തരവാദിത്വമാണ്. ഐപിഎല്‍ വലിയ ടൂര്‍ണമെന്റാണ്. ഒരു കളിക്കാരന്റെ കരിയര്‍ തന്നെ ഇല്ലാതെയാക്കാന്‍ അതിന് സാധിക്കും. കളിക്കാര്‍ക്ക് മതിയായ ഇടവേളകള്‍ ആവശ്യമുണ്ട്. ഓരോ കളിക്കാരനും എത്രത്തോളം ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡ് തീരുമാനിക്കണം. ബോര്‍ഡിന് ഇഷ്ടം പോലെ പണവും കളിക്കാരുമുണ്ട്. അതിനാല്‍ തന്നെ 3-5 വർഷത്തെ ആസൂത്രണവുമായി മുന്നോട്ട് പോകാനാവുന്നില്ലെങ്കില്‍ ബോര്‍ഡിന് എന്തോ കുഴപ്പമുണ്ടെന്നാണ് അര്‍ഥം. കപില്‍ദേവ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :