മേജര്‍ ലീഗ് ക്രിക്കറ്റില്‍ പൂരന്റെ പൂരവെടിക്കെട്ട്, പ്രഥമ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 31 ജൂലൈ 2023 (12:55 IST)
അമേരിക്കയിലെ പ്രഥമ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്ക് ചാമ്പ്യന്മാര്‍. ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കസിനെയാണ് മുംബൈ ടീം തകര്‍ത്തത്. നായകന്‍ കൂടിയായ നിക്കോളസ് പൂറന്റെ മികച്ച പ്രകടനമാണ് മുംബൈയെ വിജയത്തിലേക്കെത്തിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിയാരില്‍ ഓര്‍ക്കസ് 20 ഓവറില്‍ 9 വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ വെറും 16 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് മുംബൈ വിജയലക്ഷ്യം മറികടന്നത്.

55 പന്തില്‍ 10 ഫോറും 13 സിക്‌സുമടക്കം പുറത്താകാതെ 137* റണ്‍സ് നേടിയ നായകന്‍ നിക്കോളാസ് പൂറനാണ് മുംബൈ ഇന്ത്യന്‍സ് ടീമിന്റെ വിജയശില്പി. 52 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 87 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ മികവിലാണ് ഓര്‍ക്കസ് 183 റണ്‍സിലെത്തിയത്. മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിനായി ട്രെന്‍ഡ് ബോള്‍ട്ടും റാഷിദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഷയാന്‍ ജഹാംഗീറിനെയും സ്റ്റീവന്‍ ടെയ്‌ലറെയും നഷ്ടമായെങ്കിലും 55 പന്തില്‍ 137* റണ്‍സോടെ നിക്കോളാസ് പൂറന്‍ കത്തിപ്പടര്‍ന്നു. ഡെവാള്‍ഡ് ബ്രെവിസ് 20 റണ്‍സും ടിം ഡേവിഡ് 9 പന്തില്‍ 10 റണ്‍സോടെ പുറത്താവതെയും നിന്നു. ലീഗ് ഘട്ടത്തില്‍ നാലാം സ്ഥാനത്ത് നിന്നാണ് മുംബൈയുടെ കിരീടധാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :