ടി 20 ലോകകപ്പ്: ശിഖര്‍ ധവാന്‍ ഓപ്പണര്‍ സ്ഥാനത്ത് തുടര്‍ന്നേക്കും

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (16:42 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ശിഖര്‍ ധവാന്‍ ഉണ്ടായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ധവാനെ ഒഴിവാക്കി രോഹിത് ശര്‍മയും നായകന്‍ വിരാട് കോലിയും ടി 20 ലോകകപ്പില്‍ ഓപ്പണര്‍മാരാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ശ്രീലങ്കന്‍ പര്യടനത്തിലെ പ്രകടനം കണക്കിലെടുത്ത് ധവാനെ ടി 20 ലോകകപ്പിലേക്ക് വിളിക്കാനാണ് സാധ്യതയേറിയിരിക്കുന്നത്.

ധവാന്‍ ടീമില്‍ തുടര്‍ന്നാല്‍ വിരാട് കോലി മൂന്നാം നമ്പറില്‍ തന്നെ ഇറങ്ങും. സൂര്യകുമാര്‍ യാദവ് ആയിരിക്കും ടി 20 ലോകകപ്പില്‍ പുതുമുഖമായി ഇന്ത്യന്‍ ടീമിലെത്തുക. പരുക്കില്‍ നിന്ന് മുക്തനായി ശ്രേയസ് അയ്യര്‍ തിരിച്ചെത്തുകയും ഫിറ്റ്‌നെസ് വീണ്ടെടുക്കുകയും ചെയ്താല്‍ മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനൊപ്പം ഇടംപിടിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തും രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ കെ.എല്‍.രാഹുലും ഉണ്ടാകും. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരില്‍ ഒരാളെയും ടി 20 ലോകകപ്പ് സ്‌ക്വാഡിലേക്ക് വിളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഏതാനും മത്സരങ്ങളിലായി അത്ര മികച്ച പ്രകടനം നടത്താന്‍ സാധിക്കാത്ത ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യമാണ് സംശയം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :