വന്‍ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ടി 20 ലോകകപ്പില്‍ കോലി ഓപ്പണറായേക്കും, സൂര്യകുമാര്‍ യാദവ് മൂന്നാമന്‍?

രേണുക വേണു| Last Modified ശനി, 10 ജൂലൈ 2021 (10:21 IST)

ടി 20 ലോകകപ്പ് വരാനിരിക്കെ ടീമില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി ഇന്ത്യ. നായകന്‍ വിരാട് കോലി ടി 20 ഫോര്‍മാറ്റില്‍ ഓപ്പണറായേക്കും. സൂര്യകുമാര്‍ യാദവിനെ മൂന്നാമന്‍ ആക്കാനാണ് സാധ്യത. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വന്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നത്.

രോഹിത് ശര്‍മയ്‌ക്കൊപ്പം നായകന്‍ വിരാട് കോലി ഓപ്പണറായാല്‍ സൂര്യകുമാര്‍ യാദവിനെ വണ്‍ഡൗണ്‍ ഇറക്കാന്‍ സാധിക്കും. ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, റിഷഭ് പന്ത് എന്നിവരെയും ബാറ്റ്‌സ്മാന്‍മാരായി നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ആറ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും ആകും ഇന്ത്യന്‍ ടീമില്‍ ഉണ്ടാകുക. ഓള്‍റൗണ്ടര്‍ താരമായി രവീന്ദ്ര ജഡേജയായിരിക്കും ടീമില്‍ ഇടംപിടിക്കുക.

മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി 20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. അന്ന് ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 94 റണ്‍സെടുത്തിരുന്നു. ടി 20 യില്‍ ഓപ്പണറാകാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും കോലി പറഞ്ഞിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :