ടി 20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ച് സൂര്യകുമാര്‍ യാദവ്; ശ്രേയസ് അയ്യര്‍ക്ക് ഭീഷണി

രേണുക വേണു| Last Modified തിങ്കള്‍, 26 ജൂലൈ 2021 (09:38 IST)

ശ്രീലങ്കന്‍ പര്യടനത്തിലെ മികച്ച പ്രകടനം സൂര്യകുമാര്‍ യാദവിന് ടി 20 ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വഴി തുറക്കുകയാണ്. താരതമ്യേന കരുത്ത് കുറഞ്ഞ ഇന്ത്യയുടെ മധ്യനിരയെ ശക്തിപ്പെടുത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിയുമെന്നാണ് വിലയിരുത്തല്‍. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നതും ഏത് ബൗളര്‍മാരെയും ആത്മവിശ്വാസത്തോടെ നേരിടുന്നതും സൂര്യകുമാര്‍ യാദവിന് ഗുണം ചെയ്യും.

നേരത്തെ ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് അയ്യരിനായിരുന്നു സാധ്യത. എന്നാല്‍, ശ്രേയസ് അയ്യര്‍ ഇപ്പോള്‍ പരുക്കിന്റെ പിടിയിലാണ്. ശ്രേയസ് അയ്യരിനു പകരം ഇന്ത്യയുടെ മധ്യനിരയെ കാക്കാനുള്ള ഉത്തരവാദിത്തം സൂര്യകുമാര്‍ യാദവിലേക്ക് പോകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സാഹചര്യത്തിനനുസരിച്ച് ആക്രമിച്ച് കളിക്കാനുള്ള പ്രവണതയുള്ള താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍, നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ ശ്രേയസ് അയ്യരേക്കാള്‍ മുന്‍തൂക്കമുണ്ട് സൂര്യകുമാര്‍ യാദവിന്.

ഈ വര്‍ഷം നാല് ടി 20 മത്സരങ്ങളില്‍ നിന്ന് 40.33 ശരാശരിയും 145.78 സ്‌ട്രൈക് റേറ്റുമായി 121 റണ്‍സാണ് ശ്രേയസ് അയ്യര്‍ നേടിയിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ 48 പന്തില്‍ നിന്ന് 67 റണ്‍സും 18 പന്തില്‍ നിന്ന് 37 റണ്‍സും നേടി ശ്രേയസ് അയ്യര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്. എന്നാല്‍, പരുക്കിന്റെ പിടിയിലായതും തുടര്‍ച്ചയായി മത്സരങ്ങള്‍ നഷ്ടപ്പെട്ടതും ശ്രേയസ് അയ്യര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍, പരിചയസമ്പത്തിന്റെ കാര്യത്തില്‍ സൂര്യകുമാറിനേക്കാള്‍ മുന്നിലുള്ള ശ്രേയസ് അയ്യരെ വിരാട് കോലി കൈവിടില്ല. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും മധ്യനിരയില്‍ ഒരുമിച്ച് കളിക്കാനും സാധ്യതയുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :