1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sweet revenge from Jadeja

ഔട്ടാകാന്‍ പ്രാര്‍ത്ഥിച്ചവരുടെ മുന്നില്‍ മരണമാസ് ആയി ജഡേജ; ഇത് ചെന്നൈ ആരാധകരോടുള്ള മധുര പ്രതികാരം

Sweet revenge from Jadeja
ഒരു തരത്തില്‍ പറഞ്ഞാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരോടുള്ള മധുര പ്രതികാരമാണ് അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രവീന്ദ്ര ജഡേജ നടത്തിയത്. ഈ സീസണില്‍ സ്വന്തം ടീമിന്റെ ആരാധകരില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടി വന്ന താരമാണ് ജഡേജ. ഒടുവില്‍ ഫൈനലില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ചെന്നൈ കിരീടം ചൂടിയപ്പോള്‍ നിര്‍ണായകമായത് ഇതേ ജഡേജയുടെ പ്രകടനം തന്നെ. 
 
രണ്ട് പന്തില്‍ പത്ത് റണ്‍സ് ജയിക്കാന്‍ വേണ്ട സമയത്ത് ഒാരോ സിക്‌സും ഫോറും അടിച്ചാണ് ജഡേജ ചെന്നൈയെ വിജയത്തിലെത്തിച്ചത്. ആറ് പന്തില്‍ നിന്ന് 15 റണ്‍സ് നേടി ജഡേജ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ജഡേജ വേഗം ഔട്ടാവാന്‍ പ്രാര്‍ത്ഥിച്ചിരുന്ന അതേ ആരാധകര്‍ തന്നെ ഫൈനലില്‍ ജഡേജയുടെ മികച്ച പ്രകടനത്തിനായി ആത്മാര്‍ഥമായി ആഗ്രഹിച്ചു. 
 
ചെന്നൈയുടെ കളി നടക്കുമ്പോള്‍ എല്ലാം ജഡേജ ബാറ്റ് ചെയ്യാനെത്തിയാല്‍ ആരാധകരില്‍ നിന്ന് മോശം അനുഭവങ്ങളാണ് നേരിട്ടിട്ടുള്ളത്. കാരണം ജഡേജ ഔട്ടായിട്ട് വേണമായിരുന്നു ധോണി ബാറ്റ് ചെയ്യാന്‍ ഇറങ്ങാന്‍. അതുകൊണ്ട് ജഡേജ വേഗം ഔട്ടാവണമെന്ന് ചെന്നൈ ആരാധകര്‍ പോലും ആഗ്രഹിച്ചിരുന്നു. 'ജഡേജേ വേഗം ഔട്ട് ആകൂ' എന്നെഴുതിയ പോസ്റ്ററുകള്‍ അടക്കം പലപ്പോഴും ഗ്യാലറികളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ജഡേജയേയും മാനസികമായി തളര്‍ത്തിയിരുന്നു. അതിനെല്ലാം മധുര പ്രതികാരം നടത്തിയിരിക്കുകയാണ് ജഡേജ ഫൈനലില്‍. 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ക്രെഡിറ്റ് എടുക്കാന്‍ നേരത്തെ ഇറങ്ങിയതാണ്, പക്ഷേ ഒത്തില്ല; ധോണിയെ ട്രോളി ആരാധകര്‍