അഭിറാം മനോഹർ|
Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (20:34 IST)
അഹമ്മദാബാദിൽ വിൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനമത്സരത്തിൽ വിജയിക്കാനായെങ്കിലും മത്സരത്തിൽ മുൻ നായകൻ വിരാട് കോലിക്ക് തിളങ്ങാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ആരാധകർ.മത്സരത്തിൽ പുൾ ഷോട്ടിന് ശ്രമിച്ച് ടൈമിങ് പിഴച്ച് കോലി ഡീപ്പില്‍ കെമര്‍ റോച്ചിന്റെ കൈയില്‍ ഒതുങ്ങുകയായിരുന്നു. എട്ട് റൺസ് മാത്രമാണ് മത്സരത്തിൽ കോലിയ്ക്ക് നേടാനായത്.
ഇപ്പോഴിതാ കോലിയ്ക്ക് വിലയേറിയ ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്‌കർ.ഷോര്‍ട്ട് ബോളുകള്‍ ഒഴിവാക്കാന്‍ കോഹ്‌ലി ആഗ്രഹിക്കുന്നില്ല. ഹുക്ക് ഷോട്ട് കളിക്കാന്‍ എല്ലായ്പ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ സമീപനം ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും ഇത്തരത്തിൽ കോലിക്ക് പുറത്താവേണ്ടി വരും. കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലും കോഹ്‌ലിക്കെതിരേ അവരുടെ ബോളര്‍മാര്‍ ഇതേ തന്ത്രം തന്നെയാണ് പയറ്റിയത്. ഗവാസ്‌കർ പറഞ്ഞു.
ബൗൺസറുകളെറിഞ്ഞ് കോലിയെ കൊണ്ട് പുൾഷോട്ടുകൾ കളിക്കാൻ അവർ പ്രേരിപ്പിച്ചുകൊണ്ടെയിരിക്കുന്നു.കാരണം ഷോര്‍ട്ട് ബോളുകളില്‍ ഹുക്ക് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നു. എന്നാല്‍ ഒരു ബാറ്ററെ സംബന്ധിച്ചിടത്തോളം അവരുടെ നിയന്ത്രണത്തിലല്ലാത്ത ഷോട്ടാണിത്. ഇത്തരം ഷോട്ടുകളുടെ ഫലം എന്താകുമെന്ന് പറയാൻ കഴിയില്ല. ഗവാസ്‌കർ പറഞ്ഞു.