ക്യാപ്റ്റന്‍ രോഹിത്തായിരിക്കാം പക്ഷേ തന്ത്രം മെനഞ്ഞത് കോലി; പൊള്ളാര്‍ഡിനെതിരെ പന്തെറിയുമ്പോള്‍ ചഹലിന് കോലിയുടെ ഉപദേശം, വിന്‍ഡീസ് നായകന്‍ ഗോള്‍ഡന്‍ ഡക്ക് (വീഡിയോ)

രേണുക വേണു| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (10:11 IST)

നായകനല്ലെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതില്‍ നിന്ന് വിരാട് കോലി പിന്നോട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന് എങ്ങനെ പന്തെറിയണമെന്ന് നിര്‍ദേശം നല്‍കുന്ന കോലിയെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ഫലമോ, വിന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ് ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറി.

യുസ്വേന്ദ്ര ചഹലിന്റെ സ്ലോ ഗൂഗ്ലിക്ക് മുന്നില്‍ പൊള്ളാര്‍ഡിന് അടിതെറ്റുകയായിരുന്നു. ഇങ്ങനെയൊരു പന്തെറിയാന്‍ ചഹലിന് നിര്‍ദേശം കൊടുത്തത് കോലിയും. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നിക്കോളാസ് പൂരന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് വിന്‍ഡീസ് നായകന്‍ പൊള്ളാര്‍ഡ് ക്രീസിലെത്തിയത്. പന്തെറിയാന്‍ നില്‍ക്കുകയായിരുന്ന ചഹലിനോട് അപ്പോള്‍ തന്നെ കോലി ഒരു കാര്യം പറയുന്നുണ്ട്. ' നിങ്ങള്‍ ടെന്‍ഷന്‍ ആവേണ്ട, അയാള്‍ക്കൊരു ഗൂഗ്ലി എറിഞ്ഞു കൊടുക്കൂ' എന്നാണ് കോലി ഹിന്ദിയില്‍ ചഹലിനോട് പറയുന്നത്. മുന്‍ നായകന്റെ നിര്‍ദേശം അതേപടി അനുസരിച്ച ചഹല്‍ വളരെ വേഗത കുറഞ്ഞ ഒരു ഗൂഗ്ലി എറിഞ്ഞു. പന്തിന്റെ വരവ് ജഡ്ജ് ചെയ്യുന്നതില്‍ പരാജയപ്പെട്ട പൊള്ളാര്‍ഡ് ബൗള്‍ഡ് ആയി.
ഈ വിക്കറ്റിനു ശേഷമുള്ള ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദപ്രകടനം ഏറെ ഹൃദ്യമായിരുന്നു. രോഹിത് ശര്‍മയും വിരാട് കോലിയും വലിയ ആവേശത്തില്‍ വാരിപുണര്‍ന്നാണ് ഈ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :