'രോഹിത്, ഞാന്‍ ശബ്ദം കേട്ടു...അത് ഉറപ്പായും ഔട്ടാണ്'; കോലി പറഞ്ഞതുകേട്ട് രോഹിത് റിവ്യു എടുത്തു, ഒടുവില്‍ സംഭവിച്ചത് (വീഡിയോ)

രേണുക വേണു| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (15:56 IST)

സുന്ദരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം. വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായ വൃത്യാസങ്ങളുണ്ടെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും ഒന്നിച്ചുള്ള മൈതാനത്തുനിന്നുള്ള രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മത്സരത്തിനിടെ വിരാട് കോലിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ഇപ്പോഴത്തെ നായകന്‍ രോഹിത് ശര്‍മ ഡിആര്‍എസ് എടുക്കുകയായിരുന്നു. ഡിആര്‍എസ് എടുക്കാന്‍ മടിച്ചുനിന്ന രോഹിത്തിനോട് കോലിയാണ് ഉറപ്പായും അത് ഔട്ടാണെന്ന് പറഞ്ഞത്.

വിന്‍ഡീസ് ഇന്നിങ്‌സിലെ 22-ാം ഓവറിലാണ് കോലിയുടെ പിന്തുണയോടെ രോഹിത് ഡിആര്‍എസ് ആവശ്യപ്പെട്ടത്. യുസ്വേന്ദ്ര ചഹലാണ് പന്തെറിഞ്ഞിരുന്നത്. 22-ാം ഓവറിലെ അഞ്ചാം പന്ത് മുന്നോട്ടുകയറി പ്രതിരോധിക്കാനുള്ള വിന്‍ഡീസ് താരം ഷമര്‍ ബ്രൂക്‌സിന്റെ ശ്രമം പാളി. പന്ത് ബാറ്റിനരികിലൂടെ നേരെ വിക്കറ്റ് കീപ്പറിന്റെ കൈകളിലെത്തി. ഇന്ത്യന്‍ താരങ്ങള്‍ ക്യാച്ചിനായി അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് ഡിആര്‍എസ് എടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉടലെടുത്തത്.
പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്നും ഡിആര്‍എസ് എടുക്കാമെന്നും ചഹല്‍ ആവശ്യപ്പെട്ടു. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് ആശങ്ക. അത് ഔട്ടാണോ എന്ന് ഉറപ്പുണ്ടോയെന്ന് രോഹിത് ചോദിച്ചു. അപ്പോഴാണ് കോലിയുടെ രംഗപ്രവേശം. 'രോഹിത് അത് ഔട്ടാണ്. പന്ത് ബാറ്റിലും പാഡിലും തട്ടിയിട്ടുണ്ട്. അതിന്റെ ശബ്ദം ഞാന്‍ കേട്ടതാണ്. അത് ഔട്ടാണെന്ന് നൂറ് ശതമാനവും ഉറപ്പ്' എന്ന് കോലി പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. കോലി ഉറപ്പിച്ച് പറഞ്ഞതോടെ രണ്ടാമതൊന്ന് ചിന്തിക്കാതെ രോഹിത് ഡിആര്‍എസ് എടുത്തു. റീപ്ലേയില്‍ ബ്രൂക്‌സ് പുറത്താണെന്ന് വ്യക്തമാകുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :