അഭിറാം മനോഹർ|
Last Modified വ്യാഴം, 20 ജൂലൈ 2023 (14:18 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ 600 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം താരവും രണ്ടാമത്തെ മാത്രം പേസറുമായി ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്. ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസീസ് താരം ട്രാവിസ് ഹെഡിനെ ജോ റൂട്ടിന്റെ കൈകളില്‍ എത്തിച്ചതോടെയാണ് ബ്രോഡ് നാഴികകല്ല് തികച്ചത്. കരിയറിലെ 166മത് ടെസ്റ്റ് മത്സരത്തിലാണ് ബ്രോഡിന്റെ നേട്ടം.
ഇംഗ്ലണ്ടിന്റെ തന്നെ ജെയിംസ് ആന്‍ഡേഴ്‌സണാണ് 600 വിക്കറ്റ് ക്ലബിലുള്ള മറ്റൊരു പേസ് താരം. 800 വിക്കറ്റുകളുമായി ശ്രീലങ്കയുടെ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ലിസ്റ്റില്‍ ഒന്നാമത്. 708 വിക്കറ്റുകളുമായി ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണും 688 വിക്കറ്റുകളുമായി ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും മൂന്നും നാലും സ്ഥാനങ്ങളിലാണ്. 619 ടെസ്റ്റ് വിക്കറ്റുകളുമായി ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ബ്രോഡിന് മുകളിലുള്ളത്.
2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ താരം യുവരാജ് സിംഗിന്റെ കയ്യില്‍ നിന്നും ഒരോവറിലെ ആറ് പന്തിലും സിക്‌സര്‍ വാങ്ങി അപമാനിതനായ താരം ക്രിക്കറ്റ് താരങ്ങള്‍ക്കൊക്കെയും തന്നെ പ്രചോദനമാണ്. കരിയര്‍ തന്നെ തകര്‍ന്നു പോകാമായിരുന്ന ആ ദിനത്തില്‍ നിന്നും തിരിച്ചെത്തി എന്ന് മാത്രമല്ല. ടെസ്റ്റ് ക്രിക്കറ്റിലെ എലൈറ്റ് ബൗളര്‍മാരുടെ പട്ടികയിലും ഇടം നേടിയിരിക്കുകയാണ് 37കാരനായ താരം.