ബെയര്‍‌സ്റ്റോ ഔട്ട് തന്നെ ! ഓസ്‌ട്രേലിയ ചെയ്തതില്‍ ഒരു തെറ്റുമില്ല; നിയമം അനുശാസിക്കുന്നത് ഇങ്ങനെ

ബോള്‍ നിര്‍ജീവമായ (ഡെഡ്) ശേഷം മാത്രമേ ബാറ്റര്‍ ക്രീസില്‍ നിന്ന് ഇറങ്ങാവൂ

രേണുക വേണു| Last Modified തിങ്കള്‍, 3 ജൂലൈ 2023 (11:52 IST)

അവസാനം വരെ പൊരുതി നോക്കിയെങ്കിലും ആഷസ് രണ്ടാം ടെസ്റ്റിലും ആതിഥേയരായ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് തോല്‍വി വഴങ്ങിയിരിക്കുകയാണ്. ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 43 റണ്‍സിനാണ് ഓസീസ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 327 ല്‍ അവസാനിച്ചു. നായകന്‍ ബെന്‍ സ്റ്റോക്‌സ് (214 പന്തില്‍ 155 റണ്‍സ്) പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ബെന്‍ സ്റ്റോക്സിനൊപ്പം വാലറ്റത്ത് ആരെങ്കിലും ഒന്ന് പൊരുതി നോക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ ഇംഗ്ലണ്ട് ലോര്‍ഡ്സില്‍ വിജയം സ്വന്തമാക്കുമായിരുന്നു.

നിര്‍ണായക സമയത്ത് ജോണി ബെയര്‍സ്റ്റോയുടെ വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായി. അലക്ഷ്യമായി വിക്കറ്റ് വലിച്ചെറിയുകയായിരുന്നു ബെയര്‍സ്റ്റോ. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 52-ാം ഓവറിലാണ് സംഭവം. ബെയര്‍സ്റ്റോയായിരുന്നു ഈ സമയം ക്രീസില്‍. ഗ്രീന്‍ എറിഞ്ഞ ബൗണ്‍സര്‍ ബെയര്‍സ്റ്റോ ലീവ് ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയുടെ കൈകളില്‍ പന്ത് എത്തിയതിനു തൊട്ടുപിന്നാലെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബെന്‍ സ്റ്റോക്സിനോട് സംസാരിക്കാനായി ബെയര്‍സ്റ്റോ ക്രീസില്‍ നിന്ന് പുറത്തിറങ്ങി. ഈ സമയം അലക്സ് ക്യാരി ഡയറക്ട് ത്രോയിലൂടെ ബെയര്‍സ്റ്റോയെ പുറത്താക്കുകയായിരുന്നു.

വിക്കറ്റിന് വേണ്ടി ഓസ്ട്രേലിയ അപ്പീല്‍ ചെയ്തപ്പോള്‍ ബെയര്‍സ്റ്റോ പകച്ചു പോയി. സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്റര്‍ പന്ത് നേരിട്ട ശേഷം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബാറ്ററോട് സംസാരിക്കാന്‍ പോകുന്നത് സാധാരണയായി നടക്കുന്ന കാര്യമാണ്. എന്നാല്‍ ഇങ്ങനെ ക്രീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ലെഗ് അംപയറേയോ വിക്കറ്റ് കീപ്പറെയോ അറിയിച്ചിരിക്കണം എന്ന് നിബന്ധനയുണ്ട്. ബെയര്‍സ്റ്റോ ആ സമയത്ത് അങ്ങനെ ചെയ്തിരുന്നില്ല. ഇത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

മാത്രമല്ല ബോള്‍ നിര്‍ജീവമായ (ഡെഡ്) ശേഷം മാത്രമേ ബാറ്റര്‍ ക്രീസില്‍ നിന്ന് ഇറങ്ങാവൂ. ഇവിടെ ബോള്‍ നിര്‍ജീവമാകുന്നതിനു മുന്‍പ് ബെയര്‍‌സ്റ്റോ ക്രീസ് വീട്ടു. ബോള്‍ കൈകളിലെത്തിയ ഉടനെ അലക്‌സ് ക്യാരി അത് റിലീസ് ചെയ്യുന്നുണ്ട്. ബോള്‍ റിലീസ് ചെയ്യാന്‍ വൈകിയിരുന്നെങ്കില്‍ ഒരുപക്ഷേ ബാറ്റര്‍ക്ക് അനുകൂലമായി തേര്‍ഡ് അംപയര്‍ വിധിക്കുമായിരുന്നു. അലക്സ് ക്യാരി പന്ത് കൈവശപ്പെടുത്തിയ ഉടനെ ബെയര്‍സ്റ്റോ ക്രീസില്‍ നിന്ന് ഇറങ്ങിയതാണ് തിരിച്ചടിയായത്. ആ സമയത്ത് പന്ത് ഡെഡ് ആയിരുന്നില്ല. ഇതാണ് ബെയര്‍സ്റ്റോ പുറത്താകാന്‍ കാരണം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :