അഞ്ച് വിക്കറ്റ് പ്രകടനം, ആന്‍ഡേഴ്‌സണെ മറികടന്ന് എലൈറ്റ് ക്ലബില്‍, അശ്വിന് മുന്നിലുള്ളത് ഷെയ്ന്‍ വോണിന്റെ റെക്കോര്‍ഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ജൂലൈ 2023 (16:41 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ നാഴികകല്ല് പിന്നിട്ട് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. ഇംഗ്ലണ്ട് ഇതിഹാസ താരമായ ജെയിംസ് ആന്‍ഡേഴ്‌സണെ മറികടന്ന് നിലവില്‍ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് അശ്വിന്‍. ടെസ്റ്റില്‍ ഇത് 33ആം തവണയാണ് അശ്വിന്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ആന്‍ഡേഴ്‌സണ്‍(32), ഗ്ലെന്‍ മഗ്രാത്(29), ഇയാന്‍ ബോതം(27),ഡെയ്ല്‍ സ്‌റ്റെയ്ന്‍(26) എന്നിവരെയാണ് അശ്വിന്‍ മറികടന്നത്.

അതേസമയം 67 തവണ അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ടെസ്റ്റില്‍ സ്വന്തമാക്കിയ ശ്രീലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ലിസ്റ്റില്‍ ഒന്നാമത്. ഈ നേട്ടത്തെ മറികടക്കാന്‍ അശ്വിന് സാധിച്ചേക്കില്ലെങ്കിലും 37 തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ഷെയ്ന്‍ വോണിന്റെ നേട്ടം മറികടക്കാന്‍ അശ്വിന് സാധിച്ചേക്കും. 36 തവണ നേട്ടം സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്‌ലി, അനില്‍ കുംബ്ലെ(35),രംഗന ഹെരാത്(34) എന്നിവരാണ് അശ്വിന് മുന്നിലുള്ള മറ്റ് താരങ്ങള്‍. ടെസ്റ്റില്‍ ഇതുവരെ 479 വിക്കറ്റുകളാണ് അശ്വിനുള്ളത്. ടി20,ഏകദിനം എന്നിവയിലെ പ്രകടനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 702 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :