രേണുക വേണു|
Last Modified വ്യാഴം, 29 ജൂണ്‍ 2023 (09:52 IST)
ഓസ്‌ട്രേലിയയുടെ സ്പിന്‍ കരുത്താണ് നഥാന്‍ ലിയോണ്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനായി ലോര്‍ഡ്‌സില്‍ ഇറങ്ങുമ്പോള്‍ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരു ടീമിന് വേണ്ടി തുടര്‍ച്ചയായി നൂറ് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയെന്ന റെക്കോര്‍ഡാണ് ലിയോണ്‍ സ്വന്തമാക്കിയത്. ലിയോണിന്റെ ടെസ്റ്റ് കരിയറിലെ നൂറാം ടെസ്റ്റാണ് ഇപ്പോള്‍ ലോര്‍ഡ്‌സില്‍ നടക്കുന്നത്.
ഓസ്‌ട്രേലിയ കളിച്ച അവസാന നൂറ് ടെസ്റ്റിലും നിര്‍ണായക പങ്ക് വഹിക്കാന്‍ ലിയോണിന് സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നൂറ് ടെസ്റ്റുകള്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആറാം താരമാണ് ലിയോണ്‍. അലസ്റ്റര്‍ കുക്ക് (159), അലന്‍ ബോര്‍ഡര്‍ (153). മാര്‍ക്ക് വോ (107), സുനില്‍ ഗവാസ്‌കര്‍ (106), ബ്രണ്ടന്‍ മക്കല്ലം (101) എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്. അവരെല്ലാം ബാറ്റര്‍മാര്‍ ആണെന്ന പ്രത്യേകതയും ഉണ്ട്. ആദ്യമായാണ് ഒരു ബൗളര്‍ സമാന നേട്ടം സ്വന്തമാക്കുന്നത്.
2013 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി നഥാന്‍ ലിയോണ്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീടങ്ങോട്ട് ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും ലിയോണ്‍ ഇല്ലാതെ ഓസീസ് ഇറങ്ങിയിട്ടില്ല. മാത്രമല്ല ലിയോണിന്റെ അരങ്ങേറ്റ മത്സരവും ലോര്‍ഡ്‌സില്‍ തന്നെയാണ് നടന്നത്.
ഗ്രൗണ്ട് സ്റ്റാഫില്‍ നിന്ന് ക്രിക്കറ്ററായി ഉയര്‍ന്ന താരമാണ് ലിയോണ്‍. ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ച് തയ്യാറാക്കലും അനുബന്ധ ജോലികളുമായിരുന്നു ക്രിക്കറ്റില്‍ എത്തുന്നതിനു മുന്‍പ് ലിയോണിന്റെ ജോലി. അവിടെ നിന്നാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ പ്രധാന സ്പിന്നറായി ലിയോണ്‍ മാറിയിരിക്കുന്നത്.