അച്ഛനേയും ഔട്ടാക്കി, മകനേയും ഔട്ടാക്കി ! അപൂര്‍വ റെക്കോര്‍ഡുമായി രവിചന്ദ്രന്‍ അശ്വിന്‍

അതേസമയം ലോക ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുകയെന്ന നേട്ടം കൈവരിക്കുന്ന അഞ്ചാം ബൗളറാണ് അശ്വിന്‍

രേണുക വേണു| Last Modified വ്യാഴം, 13 ജൂലൈ 2023 (09:30 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുകയാണ് ടെസ്റ്റിലെ ഒന്നാം നമ്പര്‍ ബൗളര്‍ കൂടിയായ രവിചന്ദ്രന്‍ അശ്വിന്‍. അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം മറ്റൊരു അപൂര്‍വ റെക്കോര്‍ഡും അശ്വിന്‍ സ്വന്തമാക്കി. അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടമാണ് അത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ ടാഗ്നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റ് വീഴ്ത്തിയതോടെയാണ് അശ്വിന്‍ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.

ടാഗ് നരെയ്ന്‍ ചന്ദര്‍പോളിനെ അശ്വിന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 44 പന്തില്‍ 12 റണ്‍സാണ് ടാഗ് നരെയ്ന്‍ നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ശിവ നരെയ്ന്‍ ചന്ദര്‍പോളിന്റെ മകനാണ് ടാഗ് നരെയ്ന്‍ ചന്ദര്‍പോള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശിവനരെയ്ന്‍ ചന്ദര്‍പോളിനെ അശ്വിന്‍ പുറത്താക്കിയിട്ടുണ്ട്.
അതേസമയം ലോക ക്രിക്കറ്റില്‍ അച്ഛനേയും മകനേയും പുറത്താക്കുകയെന്ന നേട്ടം കൈവരിക്കുന്ന അഞ്ചാം ബൗളറാണ് അശ്വിന്‍. ഇംഗ്ലണ്ട് ബൗളര്‍ ആയിരുന്ന ഇയാന്‍ ബോതം ലാന്‍സ് കെയ്ന്‍സിനേയും മകന്‍ ക്രിസ് കെയ്ന്‍സിനേയും പുറത്താക്കിയാണ് ഈ നേട്ടം ലോക ക്രിക്കറ്റില്‍ ആദ്യം കൈവരിച്ചത്. പാക്കിസ്ഥാന്‍ മുന്‍ ബൗളര്‍ വസീം അക്രവും ലാന്‍സിനേയും ക്രിസിനേയും പുറത്താക്കിയിട്ടുണ്ട്. ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ സിമണ്‍ ഹാര്‍മര്‍ എന്നിവര്‍ ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനേയും മകന്‍ ടാഗ് നരെയ്ന്‍ ചന്ദര്‍പോളിനേയും പുറത്താക്കിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :