അവസാന ഓവർ ത്രില്ലറിൽ തീയായി ശ്രീശാന്ത്, പത്താൻ ടീമിനെ തകർത്ത് ഗുജറാത്ത് ജയൻ്സ്

അഭിറാം മനോഹർ| Last Modified വ്യാഴം, 23 നവം‌ബര്‍ 2023 (16:16 IST)
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ വീണ്ടും മിന്നും പ്രകടനവുമായി തിളങ്ങി മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്ത്. ബില്‍വാര കിംഗ്‌സ്‌നെതിരെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ജയന്‍്‌സ് വിജയം സ്വന്തമാക്കിയപ്പോള്‍ മത്സരത്തില്‍ നിര്‍ണായകമായ പ്രകടനമാണ് ശ്രീശാന്ത് നടത്തിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ഗുജറാത്ത് 6 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബില്‍വാര കിംഗ്‌സിന്റെ ഇന്നിങ്ങ്‌സ് 169 റണ്‍സിലവസാനിച്ചു. ശ്രീശാന്ത് എറിഞ്ഞ അവസാന ഓവറാണ് മത്സരത്തില്‍ നിര്‍ണായകമായത്. അവസാന ഓവറില്‍ 14 റണ്‍സായിരുന്നു ബില്‍വാരയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ കാരിയ ശ്രീശാന്തിനെ സിക്‌സര്‍ പറത്തിയതൊടെ 5 പന്തില്‍ 8 റണ്‍സെന്ന രീതിയിലേക്ക് മത്സരം മാറി.

ശ്രീയുടെ രണ്ടാം പന്തില്‍ റണ്‍സൊന്നും നേടാന്‍ കാരിയയ്ക്കായില്ല. തൊട്ടടുത്ത പന്തില്‍ സിംഗിള്‍. 3 പന്തില്‍ 7 റണ്‍സ്. എന്നാല്‍ അടുത്ത മൂന്ന് പന്തില്‍ നിന്നും 3 റണ്‍സ് മാത്രമാണ് ശ്രീ വിട്ടുനല്‍കിയത്. 61 പന്തില്‍ 99 റണ്‍സുമായി പുറത്താകാതെ നിന്നിട്ടും ലെന്‍ഡില്‍ സിമ്മണ്‍സിന് ടീമിനെ വിജയിക്കാനായില്ല. നേരത്തെ യൂസഫ് പത്താന്റെ വിക്കറ്റും മത്സരത്തില്‍ ശ്രീശാന്ത് സ്വന്തമാക്കിയിരുന്നു. 4 ഓവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് ശ്രീ മത്സരത്തില്‍ നേടിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :