ബിസിസിഐ സെന്റര്‍ ഫോര്‍ എക്‌സലന്‍സില്‍ നിന്നുള്ള അനുമതി വൈകുന്ന സാഹചര്യത്തില്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകുന്നു. നേരത്തെ ഡിസംബര്‍ 30ന് താരത്തിന് റിട്ടേണ്‍ ടു പ്ലെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. തുറ്റര്‍ന്ന് ജനുവരി 3നും 6നും നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയിലും ശ്രേയസ് കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ പുതുക്കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ശ്രേയസിന് റിട്ടേണ്‍ ടു പ്ലെ ലഭിക്കാന്‍ കുറഞ്ഞ ഒരാഴ്ച കൂടി ഇനിയും കാത്തിരിക്കേണ്ടതായി വരും.ആരോഗ്യപ്രശ്‌നങ്ങളില്ലാതെ ബാറ്റ് ചെയ്യാനാകുന്നുണ്ടെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം ശരീരഭാരം വേഗത്തില്‍ കുറയുന്നതാണ് ശ്രേയസിന്റെ തിരിച്ചുവരവ് വൈകിപ്പിക്കുന്നത്. പരുക്ക് പറ്റിയ ശേഷം ശ്രേയസിന്റെ ശരീരഭാരം 6 കിലോയോളം കുറഞ്ഞിരുന്നു. പേശികളുടെ അളവ് കുറഞ്ഞിട്ടുണ്ടെന്നും ഇത് താരത്തിന്റെ ഒപ്റ്റിമല്‍ സ്‌ട്രെങ്ത് ലെവലിനെ ബാധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. പൂര്‍ണ്ണമായ രോഗമുക്തിയാണ് പ്രധാനം എന്നതിനാല്‍ താരത്തെ തിരക്കിട്ട് കളിപ്പിക്കേണ്ടതില്ലെന്നതാണ് ബിസിസിഐ തീരുമാനം.
ഒക്ടോബറില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് വയറിന് പരുക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് താരത്തിന്റെ ഇടത് വാരിയെല്ലിന് സമീപത്തുള്ള പേശികളില്‍ ഇടിക്കുകയും ആന്തരീക രക്തസ്രാവം ഉണ്ടാവുകയുമായിരുന്നു. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും താരത്തിന് നഷ്ടമായിരുന്നു.