ന്യൂഡല്‍ഹി:ഫിറ്റ്‌നസ്
പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. റെഡ് ബോളില്‍ കളിക്കാന്‍ പാണ്ഡ്യ താത്പര്യം പ്രകടിപ്പിക്കുകയും പൂര്‍ണ ഫിറ്റ്‌നസ് ഉറപ്പാക്കുകയും ചെയ്താല്‍ ബിസിസിഐ താരത്തെ തടയാന്‍ സാധ്യതയില്ലെന്നാണ് ഉത്തപ്പയുടെ വിലയിരുത്തല്‍. 2018ലാണ് ഹാര്‍ദ്ദിക് ഇന്ത്യയ്ക്കായി അവസാനമായി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളിച്ചത് അതിന് ശേഷം തുടര്‍ച്ചയായി പരിക്കുകള്‍ വന്നതിനെ തുടര്‍ന്നാണ് 5 ദിവസങ്ങളുള്ള ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് താരത്തെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്.
ഹാര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരത്തിന്റെ ഓള്‍റൗണ്ട് മികവ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് ബാലന്‍സ് നല്‍കുമെന്നാണ് ഉത്തപ്പ വ്യക്തമാക്കുന്നത്. ടീമിനായി ഏഴാമനായി ബാറ്റ് ചെയ്യാനും 12-15 ഓവര്‍ ബൗള്‍ ചെയ്യാനും ഹാര്‍ദ്ദിക്കിനാകും. ഇത് ടീമിന് നല്‍കുന്ന ബാലന്‍സ് വലുതാണ്. പൂര്‍ണ്ണ സമയ ബൗളറായല്ല നിയന്ത്രിത ബൗളിംഗ് ഓപ്ഷനെന്ന നിലയിലാണ് പാണ്ഡ്യയെ ഉപയോഗിക്കേണ്ടതെന്നും ഉത്തപ്പ പറയുന്നു. ടെസ്റ്റ് കരിയറില്‍ 11 മത്സരങ്ങളില്‍ നിന്ന് 532 റണ്‍സും 17 വിക്കറ്റുമാണ് ഹാര്‍ദ്ദിക്കിന്റെ പേരിലുള്ളത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ അനുഭവസമ്പന്നനായ ഒരു താരമെന്ന ആനുകൂല്യവും ഹാര്‍ദ്ദിക്കിനുണ്ടെന്നും ഉത്തപ്പ പറയുന്നു.