പാകിസ്ഥാനിൽ ഏഷ്യാകപ്പ് കളിക്കില്ലെന്ന് ഇന്ത്യ, രൂക്ഷവിമർശനവുമായി ഷാഹിദ് ആഫ്രിദി

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2022 (12:49 IST)
2023ലെ ഏഷ്യാക്കപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന സെക്രട്ടറി ജയ് ഷായുടെ പരാമർശത്തിനെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ച് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ബിസിസിഐ സെക്രട്ടറിയായി രണ്ടാമതും തെരെഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ജയ് ഷായുടെ പ്രതികരണം. ഇതിന് പിന്നാലെ ഏഷ്യാക്കപ്പിനായി ഇന്ത്യ എത്തിയില്ലെങ്കിൽ അടുത്തവർഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്ഥാനും വ്യക്തമാക്കി.

ഇതോടെ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ പാക് താരം ഷാഹിദ് അഫ്രീദി. കഴിഞ്ഞ 12 മാസക്കാലം നല്ല സൗഹൃദം ഇരുടീമുകൾക്കിടയിലും ഉണ്ടായിരുന്നത് ഇരു രാജ്യങ്ങളിലും ഊഷ്മളത തോന്നിച്ചു. ടി20 ലോകകപ്പിന് തൊട്ടുമുൻപ് ഇത്തരം പരാമർശം എന്തിനാണ് നടത്തിയത്? ക്രിക്കറ്റ് ഭരണപരിചയത്തിൻ്റെ അഭാവം ഇന്ത്യയിലുണ്ട്. എന്നായിരുന്നു ജയ് ഷായ്ക്കെതിരായ അഫ്രീദിയുടെ ട്വീറ്റ്.

പാകിസ്ഥാനിലേക്ക് മറ്റെല്ലാ ടീമുകളും വരുമ്പോൾ ബിസിസിഐയ്ക്ക് മാത്രമെന്താണ് പ്രശ്നമെന്ന് പാക് ഇതിഹാസതാരം സയ്യീദ് അൻവറും ചോദിച്ചു. ഏഷ്യാക്കപ്പ് ന്യൂട്രൽ വേദിയിൽ ആക്കണമെങ്കിൽ ഇന്ത്യയിൽ നടത്തുന്ന ലോകകപ്പ് മത്സരങ്ങൾക്കും സ്വതന്ത്രവേദി വേണമെന്ന്
സയ്യീദ് അൻവർ തുറന്നടിച്ചു. മുംബൈയിൽ നടന്ന ബിസിസിഐയുടെ വാർഷിക പൊതുയോഗത്തിലാണ് പാകിസ്ഥാനിൽ ഇന്ത്യ ഏഷ്യാക്കപ്പ് കളിക്കില്ലെന്നും വേദി മറ്റൊരിടത്തേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് കൂടിയായ ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :