രേണുക വേണു|
Last Modified ശനി, 17 സെപ്‌റ്റംബര്‍ 2022 (09:25 IST)
Sanju Samson: ട്വന്റി 20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും സഞ്ജു സാംസണ്‍ നിരാശപ്പെടേണ്ട കാര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജുവിന്റെ ഭാവി സുരക്ഷിതമായിരിക്കുമെന്ന് സൂചന നല്‍കുകയാണ് ബിസിസിഐ. ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ വലിയ നിരാശയില്‍ ഇരിക്കുമ്പോഴാണ് ബിസിസിഐയുടെ നിര്‍ണായക തീരുമാനം വരുന്നത്. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ സഞ്ജു നയിക്കും. സഞ്ജുവിന്റെ നേതൃശേഷിയെ അംഗീകരിക്കുകയാണ് ബിസിസിഐ. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് പരിചയമുള്ള സഞ്ജു ഇന്ത്യന്‍ എ ടീം നായകനായി തിളങ്ങുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.
സഞ്ജുവിന്റെ സമയം വരുന്നേ ഉള്ളൂ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വിരാട് കോലി, രോഹിത് ശര്‍മ, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ കുട്ടി ക്രിക്കറ്റില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ അവരുടെ സ്ഥാനത്തേക്ക് ഇന്ത്യ ആലോചിക്കുന്ന താരമാണ് സഞ്ജു സാംസണ്‍. കോലിയുടെ പകരക്കാരനായി ടി 20 ക്രിക്കറ്റിലെ മൂന്നാമന്‍ റോളിലേക്ക് സഞ്ജു എത്താന്‍ ഇനി അധികം നാള്‍ കാത്തിരിക്കേണ്ടി വരില്ല.
ഈ വര്‍ഷം നടക്കാന്‍ പോകുന്ന ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറത്തുനില്‍ക്കുന്ന യുവതാരങ്ങളില്‍ പലരും ഇന്ത്യയുടെ പ്രധാനപ്പെട്ട താരങ്ങളാകും. അതില്‍ ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള താരമാണ് സഞ്ജു സാംസണ്‍. ബിസിസിഐയ്ക്കും സഞ്ജുവിനെ കുറിച്ച് ഒരുപാട് പ്രതീക്ഷകളുണ്ട്.