സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് ! സാധ്യത തെളിയുന്നു

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (14:46 IST)

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമില്‍ മാത്രം ഇടംപിടിച്ച മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ ഉണ്ടാകുമോ എന്ന സംശയത്തിലാണ് ഇപ്പോള്‍ ആരാധകര്‍. സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്നതോടെ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ട്, മൂന്ന് മത്സരങ്ങള്‍ക്കുള്ള ടീമില്‍ സ്ഥാനം ലഭിക്കുന്നില്ല. മാത്രമല്ല ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും സഞ്ജുവിനെ പരിഗണിച്ചില്ല. തുടര്‍ച്ചയായി സെലക്ടര്‍മാര്‍ സഞ്ജുവിനെ അവഗണിക്കുമ്പോള്‍ ഇനിയൊരു സാധ്യത മലയാളി താരത്തിനു ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനാണ് പോകുന്നത്. ജൂലൈ 22 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് വിന്‍ഡീസ് പര്യടനം. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വിരാട് കോലി അടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഉണ്ടാകില്ല.

വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്ക് വിന്‍ഡീസ് പര്യടനത്തില്‍ വിശ്രമം അനുവദിച്ചേക്കും. അങ്ങനെയെങ്കില്‍ അത് സഞ്ജു അടക്കമുള്ള യുവതാരങ്ങള്‍ക്ക് വലിയൊരു സാധ്യതയാണ് തുറന്നിടുന്നത്. വിന്‍ഡീസ് പര്യടനത്തില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ട്വന്റി 20 ലോകകപ്പിനുള്ള സാധ്യതകളില്‍ സഞ്ജുവും ഇടംപിടിച്ചിട്ടുണ്ടെന്ന് സാരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :