2021 മുതൽ രാജയോഗം, ഒന്നര വർഷം കൊണ്ട് റൂട്ട് നേടിയത് 2595 റൺസ്, 11 സെഞ്ചുറി!

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജൂലൈ 2022 (21:30 IST)
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച നാല് താരങ്ങൾ ഫാബുലസ് ഫോർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ മുൻ നായകൻ വിരാട് കോലി, ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത്, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ, ജോ റൂട്ട് എന്നിവരാണ് ഈ ഫാബ് ഫോറിലെ താരങ്ങൾ.

ഇതിൽ മൂന്ന് ഫോർമാറ്റിലും വ്യക്തമായ ആധിപത്യം പുലർത്തിയ താരം കോലിയാണെങ്കിലും ക്രിക്കറ്റിൻ്റെ അൾട്ടിമേറ്റ് ഫോമായ ടെസ്റ്റിലെ പ്രകടനമാണ് ഫാബ് ഫോറിനെ താരതമ്യപ്പെടുത്താൻ പൊതുവെ ഉപയോഗിക്കുന്നത്. കുറച്ച് നാളായി ജോ റൂട്ട് ഒഴികെയുള്ള മറ്റ് മൂന്ന് പേരും ടെസ്റ്റിൽ തങ്ങളുടെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതേസമയം തൻ്റെ കരിയറിലെ ഏറ്റവും മികച്ച സമയമാണ് ഇംഗ്ലണ്ട് മുൻ നായകന്.

2021 മുതൽ 24 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 2595 റൺസാണ് ജോ റൂട്ട് അടിച്ചുകൂട്ടിയത്. 11 രാജ്യാന്തര സെഞ്ചുറികൾ ഈ കാലയളവിൽ റൂട്ട് സ്വന്തമാക്കി. ഈ കാലയളവിൽ 11 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സ്റ്റീവ് സ്മിത്ത് 779 റൺസാണ് നേടിയത്. ഒരു സെഞ്ചുറി മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്.

കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന വിരാട് കോലി ഈ കാലയളവിൽ കളിച്ചത് 15 ടെസ്റ്റ് മത്സരങ്ങളാണ്. 29.07 ശരാശരിയിൽ 756 റൺസ് മാത്രമാണ് കോലിക്ക് കണ്ടെത്താനായുള്ളു. ഒരു സെഞ്ചുറി പോലും ഒന്നര വർഷത്തിൽ സ്വന്തമാക്കാൻ കോലിക്കായില്ല. ഫാബുലസ് ഫോറിലെ മറ്റൊരു താരമായ കെയ്ൻ 6 മത്സരങ്ങളാണ് ഈ സമയത്ത് കളിച്ചത്.
49 ശരാശരിയിൽ 491 റൺസാണ് വില്യംസണിൻ്റെ സമ്പാദ്യം. ഇതിൽ ഒരു സെഞ്ചുറിയും ഉൾപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :