ബെയര്‍'ഷോ' കരുത്തില്‍ ഇംഗ്ലണ്ടിന് വിജയ 'റൂട്ട്'; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് തോല്‍വി

രേണുക വേണു| Last Modified ചൊവ്വ, 5 ജൂലൈ 2022 (16:38 IST)

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 132 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യയുടെ പരാജയം.

സ്‌കോര്‍ബോര്‍ഡ്

ഒന്നാം ഇന്നിങ്‌സ്

ഇന്ത്യ - 416/10
ഇംഗ്ലണ്ട് - 284/10

ഇന്ത്യക്ക് 132 റണ്‍സിന്റെ ലീഡ്

രണ്ടാം ഇന്നിങ്‌സ്

ഇന്ത്യ - 245/10
ഇംഗ്ലണ്ട് - 378/3

രണ്ടാം ഇന്നിങ്‌സില്‍ 109/3 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ജോ റൂട്ടും ബെയര്‍‌സ്റ്റോയും ഒന്നിച്ചത്. പിന്നീട് ഇന്ത്യന്‍ ബൗളിങ് നിരയെ സൂക്ഷ്മതയോടെ കളിച്ച് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കും വരെ ഇരുവരും ക്രീസില്‍ ഉണ്ടായിരുന്നു. റൂട്ട് 173 പന്തില്‍ നിന്ന് 19 ഫോറും ഒരു സിക്‌സും സഹിതം 142 റണ്‍സ് നേടി. ബെയര്‍സ്‌റ്റോ 145 പന്തില്‍ 15 ഫോറും ഒരു സിക്‌സും സഹിതം 114 റണ്‍സ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് വേണ്ടി ബെയര്‍സ്‌റ്റോ സെഞ്ചുറി നേടിയിരുന്നു.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായി. നേരത്തെ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുകയായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :