450 റൺസിന് മുകളിൽ വന്നാലും ഞങ്ങൾ ചെയ്സ് ചെയ്യാൻ ശ്രമിക്കും.. ഇംഗ്ലണ്ടിൻ്റെ സമീപനമെന്തെന്ന് ബെയർസ്റ്റോ മുൻപേ പറഞ്ഞു

അഭിറാം മനോഹർ| Last Modified ചൊവ്വ, 5 ജൂലൈ 2022 (17:39 IST)
ലോകക്രിക്കറ്റിൽ കാര്യമായ കിരീടനേട്ടങ്ങളൊന്നും ഇല്ലെങ്കിലും ഏകദിന, ടി20 ക്രിക്കറ്റിനെ മാറ്റി നിർവചിച്ചത് ഏത് ടീമാണെന്ന് നിങ്ങൾ പരിശോധിക്കുകയാണെങ്കിൽ ഇംഗ്ലണ്ട് എന്നാല്ലാതെ മറ്റൊരുത്തരം കാണാനാവില്ല. കളി തുടങ്ങി അവസാനിക്കുന്ന വരെ റൺസ് കണ്ടെത്തുന്ന സമീപനം ഏകദിന, ടി20 ക്രിക്കറ്റിന് പരിചയപ്പെടുത്തിയ ഇംഗ്ലണ്ട് ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ മാറ്റി നിർവചിക്കാനുള്ള ശ്രമത്തിലാണ്.

ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വമ്പനടിക്കാരനായ ബ്രണ്ടൻ മക്കല്ലത്തിന് കീഴിലാണ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഈ അഴിച്ചുപണി നടത്തുന്നത്. ബെൻ സ്റ്റോക്സിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ സീരീസിൽ ന്യൂസിലൻഡിനെതിരെ ഇറങ്ങിയ ഇംഗ്ലണ്ട് നിര പരമ്പരയിലെ മത്സരങ്ങളിലെല്ലാം വിജയിച്ചത് അക്രമണോത്സുകത പ്രകടിപ്പിച്ചുകൊണ്ടാണ്. മത്സരം സമനിലയിലാക്കാനുള്ള സമീപനം പാടെ ഉപേക്ഷിച്ചുകൊണ്ടാണ് ഇംഗ്ലണ്ടിൻ്റെ ഈ ജൈത്രയാത്ര.

ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിലെ മൂന്നാം ദിനം കളി ഇന്ത്യയുടെ വരുതിയിൽ നിൽക്കവെ ഇംഗ്ലണ്ട് ബാറ്റർ ജോണി ബെയർസ്റ്റോ നടത്തിയ പരാമർശമാണ് ടെസ്റ്റിലെ പുതിയ ഇംഗ്ലണ്ട് എന്താണ് എന്നതിൻ്റെ സാക്ഷ്യം. ആദ്യ ഇന്നിങ്ങ്സിൽ 284ന് ഇംഗ്ലണ്ട് പുറത്തായി ലീഡ് ഉയർത്തുമ്പോൾ ഇന്ത്യ 450 റൺസിന് മുകളിൽ ലക്ഷ്യം വെച്ചാലും സമനിലയ്ക്കായി കളിക്കില്ലെന്നായിരുന്നു ബെയർസ്റ്റോ പറഞ്ഞത്. 378 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നാലാം ഇന്നിങ്ങ്സിൽ പിന്നിടുമ്പോൾ അത് ഇംഗ്ലണ്ട് ക്രിക്കറ്റിൻ്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് റൺ ചെയ്സാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :