അഭിറാം മനോഹർ|
Last Modified ഞായര്‍, 3 നവംബര്‍ 2024 (09:14 IST)
ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ സര്‍ഫറാസ് ഖാനെ എട്ടാം നമ്പര്‍ സ്ഥാനത്ത് ബാറ്റിംഗിനിറക്കിയ ഇന്ത്യയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. സ്പിന്നിനെ നന്നായി കളിക്കാനുള്ള ഇന്ത്യന്‍ തീരുമാനം ആനമണ്ടത്തരമായെന്ന് മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു.
തന്റെ ആദ്യ 3 ടെസ്റ്റില്‍ 3 അര്‍ധസെഞ്ചുറിയും ബെംഗളുരു ടെസ്റ്റില്‍ 150 റണ്‍സും നേടിയ ബാറ്ററാണ് സര്‍ഫറാസ് ഖാന്. സ്പിന്നര്‍മാരെ മികച്ച രീതിയില്‍ നേരിടുന്ന താരം. എന്നാല്‍ ക്രീസില്‍ റൈറ്റ്- ലെഫ്റ്റ് കോമ്പിനേഷന്‍ ഉറപ്പാക്കാന്‍ അവനെ എട്ടാമനായാണ് കളിപ്പിച്ചത്. ഇത് ആന മണ്ടത്തരമാണ്. ഇന്ത്യയുടേത് മോശം തീരുമാനമായിരുന്നു. മഞ്ജരേക്കര്‍ എക്സില്‍ കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ റിഷഭ് പന്ത് പുറത്തായപ്പോള്‍ ആറാമനായിട്ടായിരുന്നു സര്‍ഫറാസ് ക്രീസിലെത്തേണ്ടിയിരുന്നത്. എന്നാല്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലുള്ളതിനാല്‍ ഇടം കയ്യനായ രവീന്ദ്ര ജഡേജയെയാണ് ഇന്ത്യ ഇറക്കിയത്. ഇടം കൈ- വലം കൈ ബാറ്റര്‍മാരുടെ കോമ്പിനേഷന്‍ ഉറപ്പിക്കാനായിരുന്നു ഇത്. എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ സര്‍ഫറാസ് 4 പന്ത് മാത്രം നേരിട്ട് റണ്‍സൊന്നുമെടുക്കാതെയാണ് മടങ്ങിയത്.