Sarfaraz Khan: 'എന്നെ വിശ്വസിക്ക് ക്യാപ്റ്റാ, അത് ഔട്ടാണ്'; ഡിആര്‍എസ് എടുക്കാന്‍ രോഹിത്തിനെ നിര്‍ബന്ധിച്ച് സര്‍ഫറാസ് ഖാന്‍, ഒടുവില്‍ സംഭവിച്ചത് ! (വീഡിയോ)

അശ്വിന്‍ എറിഞ്ഞ പന്ത് വില്‍ യങ്ങിന്റെ ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു

Sarfaraz Khan - DRS - Rohit Sharma
രേണുക വേണു| Last Modified വ്യാഴം, 24 ഒക്‌ടോബര്‍ 2024 (14:13 IST)
Sarfaraz Khan - DRS - Rohit Sharma

Sarfaraz Khan: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഡിആര്‍എസ് എടുക്കാനായി നായകന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിച്ച് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍. കിവീസ് വണ്‍ഡൗണ്‍ ബാറ്റര്‍ വില്‍ യങ്ങിനെ പുറത്താക്കാനാണ് സര്‍ഫറാസ് ഖാന്‍ ഡിആര്‍എസ് ആവശ്യപ്പെട്ടത്. രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 24-ാം ഓവറിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.

അശ്വിന്‍ എറിഞ്ഞ പന്ത് വില്‍ യങ്ങിന്റെ ലെഗ് സൈഡിലൂടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സര്‍ഫറാസ് ഖാന്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. ബാറ്ററുടെ ടച്ച് ഉണ്ടോയെന്ന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഉറപ്പുണ്ടായിരുന്നില്ല. സര്‍ഫറാസ് ഖാന്‍ വളരെ ഉറപ്പോടെ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ ഔട്ട് അനുവദിച്ചില്ല.
നായകന്‍ രോഹിത് ശര്‍മയോടു ഡിആര്‍എസ് എടുക്കാന്‍ സര്‍ഫറാസ് ആവശ്യപ്പെട്ടു. ടച്ചുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും അത് ഔട്ടാണെന്നും സര്‍ഫറാസ് രോഹിത്തിനോടു പറഞ്ഞു. ഉടനെ തന്നെ വിരാട് കോലിയും സര്‍ഫറാസിനെ പിന്തുണച്ച് എത്തി. തനിക്കും സംശയമുണ്ടെന്നാണ് കോലി രോഹിത്തിനോടു പറഞ്ഞത്. ഒടുവില്‍ സര്‍ഫറാസിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്ത് രോഹിത് ഡിആര്‍എസ് എടുത്തു. വില്‍ യങ്ങിന്റെ ഗ്ലൗവില്‍ പന്ത് ഉരസിയിട്ടുണ്ടെന്നും ഔട്ടാണെന്നും ഡിആര്‍എസില്‍ നിന്ന് വ്യക്തമായി. സര്‍ഫറാസ് ഇത്ര ഉറപ്പോടെ ഡിആര്‍എസിനായി ആവശ്യപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ആ വിക്കറ്റ് ലഭിക്കില്ലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :