അഭിറാം മനോഹർ|
Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (15:29 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയ യുവതാരം സര്‍ഫറാസ് ഖാനെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്. ഒരു താരത്തിന്റെ ശരീരപ്രകൃതി നോക്കി ഫിറ്റ്‌നസിനെ അളക്കരുതെന്നും ജിം ബോഡി അല്ലെങ്കിലും മണിക്കൂറുകളോളം ബാറ്റ് ചെയ്യാനുള്ള ഫിറ്റ്‌നസ് സര്‍ഫറാസിനുണ്ടെന്ന് കൈഫ് വ്യക്തമാക്കി.
ഞാന്‍ എപ്പോഴും പറയാറുണ്ട്. ഫിറ്റ്‌നസിന്റെ പേരില്‍ സര്‍ഫറാസിനെ പുറത്തിരുത്തരുത്. അവന്റെ ശരീരം ജിം ബോഡി ഒന്നുമല്ല. എന്നാല്‍ മണിക്കൂറുകളോളം ബാറ്റ് ചെയ്യാന്‍ അവനാകും. ക്രിക്കറ്റ് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗെയിമാണ്. കൈഫ് എക്‌സില്‍ കുറിച്ചു. രണ്ടാം ഇന്നിങ്ങ്‌സില്‍ ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 356 റണ്‍സ് ലീഡ് മറികടക്കാനായി ഇറങ്ങിയ ഇന്ത്യയ്ക്കായി മികച്ച പ്രകടനമാണ് സര്‍ഫറാസ് നടത്തിയത്. 195 പന്തില്‍ നിന്നും 18 ഫോറും 3 സിക്‌സും ഉള്‍പ്പടെ 150 റണ്‍സാണ് സര്‍ഫറാസ് അടിച്ചെടുത്തത്. റിഷഭ് പന്തുമായി നാലാം വിക്കറ്റില്‍ 177 റണ്‍സ് കൂട്ടുക്കെട്ട് സൃഷ്ടിക്കാനും താരത്തിനായിരുന്നു.