സച്ചിനെ നിലത്തിട്ട് അക്തര്‍; ഇന്ത്യക്കാര്‍ ജീവനോടെ കത്തിക്കുമെന്ന് തോന്നിയെന്ന് മുന്‍ പാക് താരം

രേണുക വേണു| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (19:54 IST)

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറും കളിക്കളത്തില്‍ ചിരവൈരികളാണ്. അക്തറിന്റെ പന്തുകളില്‍ വിയര്‍ക്കുന്ന സച്ചിനെയും അക്തറിനെ ഒരു കൂസലുമില്ലാതെ ബൗണ്ടറി കടത്തിയ സച്ചിനെയും നമ്മള്‍ കണ്ടിട്ടുണ്ട്. കളിക്കളത്തില്‍ പരസ്പരം പോരടിക്കുമ്പോഴും ഇരുവരും മികച്ച സുഹൃത്തുക്കളാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ഈ സൗഹൃദം തുടരുകയാണ്. സച്ചിനുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ഇടയ്ക്കിടെ അക്തര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു സംഭവം വെളിപ്പെടുത്തുകയാണ് അക്തര്‍ ഇപ്പോള്‍. സച്ചിനെ എടുത്തുയര്‍ത്തി നിലത്തിട്ട സംഭവമാണ് അക്തര്‍ വിവരിക്കുന്നത്. അന്ന് സച്ചിന് എന്തെങ്കിലും തരത്തിലുള്ള പരുക്ക് പറ്റിയാല്‍ തന്നെ ഇന്ത്യക്കാര്‍ ജീവനോടെ കത്തിച്ചേനെ എന്നും അക്തര്‍ പറയുന്നു. പ്രമുഖ കായിക സൈറ്റായ സ്‌പോര്‍ട്‌സ്‌കീഡയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

' പാക്കിസ്ഥാന്‍ കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം ലഭിച്ചിട്ടുള്ള രാജ്യം ഇന്ത്യയാണ്. ഇന്ത്യയില്‍ പോയപ്പോഴെല്ലാം എനിക്ക് വളരെ നല്ല അനുഭവങ്ങളാണ് ഉണ്ടായിരിക്കുന്നത്. 2007 ലെ ഇന്ത്യന്‍ പര്യടനത്തിനിടെ ഒരു സംഭവമുണ്ടായി. ആ പര്യടനത്തിനിടെ ഒരു അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു. അവാര്‍ഡ് പരിപാടിക്ക് ശേഷം ഒരു ഗെറ്റ് ടുഗെദര്‍ ഉണ്ടായിരുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും താരങ്ങള്‍ ഒത്തുചേര്‍ന്നുള്ള പരിപാടി. ഈ പരിപാടിക്കിടെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു,' അക്തര്‍ പറഞ്ഞു.

'ഗെറ്റ് ടുഗെദറിനിടെ ഞാന്‍ സച്ചിനെ എടുത്തുപൊക്കാന്‍ ശ്രമിച്ചു. ഒരു തമാശയ്ക്ക് വേണ്ടി ചെയ്തതാണ്. എനിക്ക് അദ്ദേഹത്തെ പൊക്കാന്‍ പറ്റി. പക്ഷേ, പെട്ടന്ന് കൈ വഴുതി. ടെന്‍ഡുല്‍ക്കര്‍ എന്റെ കൈയില്‍ നിന്നു വഴുതിവീണു. അത്ര വലിയ വീഴ്ചയായിരുന്നില്ല അതല്ല. എങ്കിലും ഞാന്‍ പേടിച്ചു. സച്ചിന് എന്തെങ്കിലും പ്രശ്‌നമുണ്ടായോ അതോ എന്തെങ്കിലും മുറിവ് പറ്റിയോ എന്ന് എനിക്ക് ആശങ്കയായി. സച്ചിന് എന്തെങ്കിലും പറ്റിയാല്‍ എനിക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കില്ല. ചിലപ്പോള്‍ പിന്നീട് ഒരു ഇന്ത്യന്‍ വിസ പോലും കിട്ടാത്ത അവസ്ഥയാകുമോ എന്ന പേടിയായി. സച്ചിന് എന്തെങ്കിലും പറ്റിയാല്‍ ഇന്ത്യക്കാര്‍ എന്നെ ജീവനോടെ കത്തിക്കുമല്ലോ എന്ന് ആലോചിച്ച് പേടിയായി. എന്നാല്‍, എന്തോ ഭാഗ്യത്തിനു സച്ചിനു വലിയ പ്രശ്‌നമൊന്നും ആ വീഴ്ചയില്‍ ഉണ്ടായില്ല.' അക്തര്‍ വെളിപ്പെടുത്തി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :