നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 17 മെയ് 2021 (15:17 IST)
24 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നേരിട്ട ബൗളര്‍മാരെല്ലാം ലോകോത്തര മികവ് പുലര്‍ത്തിയവരാണ്. എങ്കിലും അവരുടെ പന്തുകളെയെല്ലാം വളരെ സൗമ്യമായി അതിര്‍ത്തി കടത്തിയിരുന്ന താരമായിരുന്നു സച്ചിന്‍. ഏത് തീയുണ്ടയെയും പ്രതിരോധിക്കാനുള്ള അസാമാന്യകരുത്ത് സച്ചിന്റെ ബാറ്റിനുണ്ടായിരുന്നു. എന്നാല്‍, ചിലപ്പോഴൊക്കെ ബൗളര്‍മാരുടെ പ്രതികാരത്തിനു ഇരയായിട്ടുണ്ട് സച്ചിന്‍. ക്രിക്കറ്റ് കരിയറില്‍ താന്‍ ഏറെ വേദന അനുഭവിച്ച് ഒരു നിമിഷത്തെ കുറിച്ച് ഓര്‍ക്കുകയാണ് സച്ചിന്‍ ഇപ്പോള്‍.
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കുന്തമുനയായിരുന്നു ഒരുകാലത്ത് ശുഐബ് അക്തര്‍. റാവല്‍പിണ്ടി എക്‌സ്പ്രസ് എന്നാണ് അക്തര്‍ അറിയപ്പെട്ടിരുന്നത്. അക്തറിന്റെ വേഗമേറിയ പന്തുകള്‍ പല ബാറ്റ്‌സ്മാന്‍മാരെയും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അക്തറിന്റെ പന്തില്‍ തനിക്കേറ്റ പരുക്കിനെ കുറിച്ചും സഹിച്ച വേദനയെ കുറിച്ചും മനസ് തുറക്കുകയാണ് സച്ചിന്‍.
2007 ല്‍ പാക്കിസ്ഥാന്റെ ഇന്ത്യന്‍ പര്യടനം നടക്കുകയാണ്. ഏകദിന മത്സരത്തിനിടെ അക്തറിന്റെ തീയുണ്ട സച്ചിന്റെ വാരിയെല്ലില്‍ കൊണ്ടു. സഹിക്കാനാവാത്ത വേദനയാണ് ആ പന്ത് സച്ചിന് സമ്മാനിച്ചത്. എന്നാല്‍, ഈ വേദനയും സഹിച്ച് സച്ചിന്‍ പാക്കിസ്ഥാനെതിരായ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിനും കളിച്ചു.
'ആ പന്ത് വാരിയെല്ലില്‍ കൊണ്ടതിനു ശേഷം വലിയ വേദനയുണ്ടായിരുന്നു. ഒന്നര, രണ്ട് മാസത്തോളം എനിക്ക് ചുമയ്ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉറക്കം നഷ്ടപ്പെട്ടു. പക്ഷേ, ഞാന്‍ കളി തുടര്‍ന്നു. പാക്കിസ്ഥാനെതിരായ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചു. അതിനുശേഷം ഈ വേദനയുംവച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ കൈ ഞെരമ്പില്‍ പരുക്കേറ്റു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. അപ്പോഴാണ് വാരിയെല്ലിന് ഗുരുതര പരുക്കുണ്ടെന്ന കാര്യം ഞാന്‍ അറിയുന്നത്. ഞെരമ്പിനേറ്റ പരുക്കിനെ കുറിച്ച് മാത്രമായിരുന്നു എനിക്ക് ആ സമയത്ത് ആശങ്ക. അതുകൊണ്ട് വാരിയെല്ലിനെ കുറിച്ച് ഞാന്‍ ഡോക്ടറോട് ചോദിച്ചില്ല. വാരിയെല്ലിനു ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നും ചിലപ്പോള്‍ ഒടിവ് തന്നെ സംഭവിച്ചേനെ എന്നും ഡോക്ടറാണ് ഇങ്ങോട്ട് പറഞ്ഞത്. ഏകദേശം രണ്ട് മാസത്തോളമാണ് ഞാന്‍ വേദന സഹിച്ചത്,'സച്ചിന്‍ പറഞ്ഞു.