അഭിറാം മനോഹർ|
Last Updated:
ബുധന്‍, 23 ഫെബ്രുവരി 2022 (14:17 IST)
മലയാളി താരം സഞ്ജു സാംസണിനെ പ്രശംസകൊണ്ട് മൂടി നായകൻ രോഹിത് ശർമ. കളി വിജയിപ്പിക്കാൻ പ്രാപ്‌തിയുള്ള താരമാണ് സഞ്ജുവെന്ന് രോഹിത് പറഞ്ഞു. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിന് മുൻപ് നടത്തിയ പ്രസ് കോൺഫറൻസിലാണ് രോഹിത്തിന്റെ പ്രതികരണം.
കഴിവുള്ള താരമാണ് സഞ്ജുവെന്ന് നമുക്കറിയാം. എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്സുകൾ സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. സഞ്ജുവിന്റെ ബാക്ക് ഫൂട്ടിലെ കളി വിസ്‌മയിപ്പിക്കുന്നതാണ്. ക്രിക്കറ്റിൽ വിജയിക്കാനാവശ്യമായ സ്കില്ലുകളും ടാലന്റും അവനിലുണ്ട്. കുറേയധികം ആളുകൾക്ക് സ്കില്ലും ടാലന്റും ഉണ്ട് അവരെ എങ്ങനെ ഉപയോഗിക്കണം എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെയും പരിഗണിക്കും. രോഹിത് പറഞ്ഞു. യുവതാരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുന്നത് സന്തോഷിപ്പിക്കുന്നുണ്ട്.
എന്നാൽ സീനിയർ താരങ്ങൾക്ക് പരിക്കേൽക്കണമെന്ന് ആഗ്രഹിക്കില്ല. കാരണം പരിക്കിൽ നിന്നുള്ള തിരിച്ചുവരവ് പ്രയാസകരമാണ്. കളിക്കാരെ റൊട്ടേറ്റ് ചെയ്യാമെന്നാണ് കരുതുന്നത്. മൂന്ന് ഫോർമാറ്റിലും ക്യാപ്‌റ്റൻ സ്ഥാനം ലഭിച്ചത് വലിയ അംഗീകാരമാണ്. ഒരുപാട് വെല്ലുവിളികൾ മുൻപിലുണ്ട്. ബുമ്ര,രാഹുൽ,പന്ത് എന്നിവർക്ക് ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപാട് ചെയ്യാനുണ്ട്.
അവരുമായി എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ എനിക്ക് വ്യക്തമായ ധാരണയുണ്ട്. നമ്മൾ പാകപ്പെടുത്തിയെടുക്കുന്ന പ്രോസസിലാണെന്നും രോഹിത് പറഞ്ഞു. ലോകകപ്പ് ലക്ഷ്യമാക്കി ടീമിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്നും രോഹിത് പറഞ്ഞു.