രേണുക വേണു|
Last Modified തിങ്കള്‍, 5 ഡിസംബര്‍ 2022 (10:55 IST)
മഹേന്ദ്രസിങ് ധോണിയെ പോലെ വളരെ കൂളായ ക്യാപ്റ്റനെന്നാണ് രോഹിത് ശര്‍മയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ചില സമയങ്ങളില്‍ രോഹിത്തിന് സമനില തെറ്റും. നിര്‍ണായക സമയത്ത് പിഴവുകള്‍ വരുത്തിയാല്‍ സഹതാരങ്ങളെ കണ്ണുപൊട്ടുന്ന ചീത്ത പറയും. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിനിടെ നായകന്‍ രോഹിത്തിന്റെ നാവിന്റെ ചൂടറിഞ്ഞത് യുവതാരം വാഷിങ്ടണ്‍ സുന്ദര്‍ ആണ്. നിര്‍ണായക സമയത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയ സുന്ദറിനെ രോഹിത് കണക്കിനു ശകാരിച്ചു.
ബംഗ്ലാദേശിനു ജയിക്കാന്‍ 30 റണ്‍സ് വേണ്ട സമയത്താണ് സംഭവം. ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ച മെഹിദി ഹസന്‍ മിറാസിന്റെ ക്യാച്ചാണ് വാഷിങ്ടണ്‍ സുന്ദര്‍ നഷ്ടപ്പെടുത്തിയത്. ആ വിക്കറ്റ് കൂടി നഷ്ടമായിരുന്നെങ്കില്‍ കളിയില്‍ ഇന്ത്യക്ക് ജയിക്കാമായിരുന്നു. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 43-ാം ഓവറിലാണ് സംഭവം.
തേര്‍ഡ് മാനില്‍ വെച്ചാണ് വാഷിങ്ടണ്‍ സുന്ദറിന് ക്യാച്ച് നഷ്ടമായത്. സുന്ദറിന്റെ മുന്നില്‍ വന്ന് പന്ത് കുത്തുകയായിരുന്നു. ആ ക്യാച്ചിന് വേണ്ടി സുന്ദര്‍ ഒട്ടും പരിശ്രമിച്ചില്ലെന്നാണ് രോഹിത്തിന്റെ വാദം. ക്യാച്ച് നഷ്ടപ്പെടുത്തിയ ഉടനെ തന്നെ രോഹിത് സുന്ദറിനെ വഴക്ക് പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ മോശം വാക്കുകള്‍ അടക്കം ഉപയോഗിച്ച് സഹതാരത്തെ ചീത്ത വിളിക്കുകയായിരുന്നു രോഹിത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രോഹിത് ശര്‍മയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി.