'എന്തൊരു കഷ്ടമാണിത്'; ഇന്ത്യ തോല്‍ക്കാന്‍ കാരണം രാഹുല്‍, നിയന്ത്രണം നഷ്ടപ്പെട്ട് രോഹിത് ശര്‍മ (വീഡിയോ)

സ്‌കോര്‍ ബോര്‍ഡില്‍ 136 റണ്‍സ് ആയപ്പോള്‍ ബംഗ്ലാദേശിന്റെ ഒന്‍പത് വിക്കറ്റുകളും നഷ്ടമായതാണ്

രേണുക വേണു| Last Modified തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (09:29 IST)

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍ ആണെന്ന് സോഷ്യല്‍ മീഡിയ. നിര്‍ണായക സമയത്ത് രാഹുല്‍ ക്യാച്ച് വിട്ടതാണ് ഇന്ത്യയെ പരാജയത്തിലെത്തിച്ചത്. ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഒരു വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 46 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യം കണ്ടു.

സ്‌കോര്‍ ബോര്‍ഡില്‍ 136 റണ്‍സ് ആയപ്പോള്‍ ബംഗ്ലാദേശിന്റെ ഒന്‍പത് വിക്കറ്റുകളും നഷ്ടമായതാണ്. എന്നാല്‍ ശേഷിക്കുന്ന ഒരു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചില്ല. അല്ലെങ്കില്‍ അത് വീഴ്ത്താനുള്ള അവസരം ഇന്ത്യ പാഴാക്കി എന്നു പറയുന്നതാകും ശരി. ശര്‍ദുല്‍ താക്കൂര്‍ എറിഞ്ഞ 43-ാം ഓവറില്‍ ബംഗ്ലാദേശിന്റെ മെഹിദി ഹസന്‍ മിറാസിനെ പുറത്താക്കാന്‍ അവസരം ലഭിച്ചതാണ്. വിക്കറ്റ് കീപ്പര്‍ കെ.എല്‍.രാഹുല്‍ ഈ ക്യാച്ച് നഷ്ടപ്പെടുത്തി.
43-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മെഹിദിയുടെ ടോപ് എഡ്ജ് എടുത്ത് പന്ത് പിന്നിലേക്ക് പൊന്തി. ക്യാച്ചിനായി രാഹുല്‍ ഓടിയെത്തിയെങ്കിലും ഗ്ലൗസില്‍ തട്ടി പന്ത് താഴെ വീണു. ഈ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ത്യ 32 റണ്‍സിന് വിജയിക്കുമായിരുന്നു. നായകന്‍ രോഹിത് ശര്‍മയ്ക്ക് രാഹുല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയത് പൊറുക്കാനായില്ല. സകല നിയന്ത്രണങ്ങളും വിട്ട രീതിയിലാണ് രോഹിത്തിനെ പിന്നീട് കണ്ടത്. രാഹുല്‍ ക്യാച്ച് നഷ്ടപ്പെടുത്തിയതില്‍ എത്രത്തോളം അതൃപ്തിയുണ്ടെന്ന് രോഹിത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :