ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലും രോഹിത്തും കോലിയും കളിക്കില്ല, പുതിയ പരീക്ഷണവുമായി ബിസിസിഐ

അഭിറാം മനോഹർ| Last Modified ഞായര്‍, 26 നവം‌ബര്‍ 2023 (13:15 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും നായകന്‍ രോഹിത് ശര്‍മയും കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളായ ഇരുവരുടെയും ആവശ്യപ്രകാരമാണ് താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര മുന്നില്‍ കണ്ടാണ് ഇരുവരും വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആയിരിക്കും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക. അടുത്ത മാസം 17 മുതല്‍ 21 വരെയാണ് പരമ്പര. അതേസമയം ഇന്ത്യയുടെ ടീമില്‍ തന്നെ പരിഗണിക്കരുതെന്ന് രോഹിത് ശര്‍മ ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 2024ലെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കിലും കോലിയും രോഹിത്തും ടി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങേണ്ടതായി വരും. ഈ വിവരം ബിസിസിഐ താരങ്ങളെ അറിയിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയുമായും അഫ്ഗാനിസ്ഥാനുമായും ഇന്ത്യയ്ക്ക് മത്സരങ്ങളുണ്ട്. തുടര്‍ന്ന് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ഐപിഎല്‍ 2024ന് തുടക്കമാകും. ഐപിഎല്ലിന് ശേഷമായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മാറിനിന്നാലും ഈ വരുന്ന ഐപിഎല്‍ സീസണായിരിക്കും സീനിയര്‍ താരങ്ങളുടെ ടി20യിലെ ഭാവിയെ പറ്റി വ്യക്തമായ വിവരങ്ങള്‍ നല്‍കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :