സഞ്ജു പടിക്ക് പുറത്ത് നില്‍ക്കാന്‍ കാരണം രോഹിത്; സൂര്യക്ക് കൂടുതല്‍ അവസരം നല്‍കണമെന്നത് ഇന്ത്യന്‍ ക്യാപ്റ്റന്റെ നിലപാട് !

രേണുക വേണു| Last Modified ചൊവ്വ, 21 മാര്‍ച്ച് 2023 (16:47 IST)

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് അവസരങ്ങള്‍ കുറയാന്‍ പ്രധാന കാരണം നായകന്‍ രോഹിത് ശര്‍മയുടെ നിലപാടാണെന്ന് റിപ്പോര്‍ട്ട്. ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കണമെന്ന് രോഹിത് ടീം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടതായാണ് വിവരം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സൂര്യക്ക് മൂന്നാം ഏകദിനത്തിലും അവസരം നല്‍കാനാണ് രോഹിത് തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന് പ്രിയപ്പെട്ട താരമാണ് സൂര്യ. ട്വന്റി 20 യിലും ഏകദിനത്തിലും സൂര്യ സ്ഥിരം മധ്യനിര ബാറ്ററായി വേണമെന്നാണ് രോഹിത്തിന്റെ നിലപാട്. ഏകദിന ലോകകപ്പ് ടീമിലേക്കും സൂര്യയെ പരിഗണിക്കാനാണ് സാധ്യത.

അതേസമയം, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കേണ്ടതായിരുന്നു. ആ അവസരം തട്ടികളഞ്ഞതും രോഹിത്തിന്റെ നിലപാട് തന്നെ. ഓസീസ് പരമ്പരയില്‍ ശ്രേയസിന് പകരക്കാരനായി സഞ്ജുവിനെ ഉള്‍പ്പെടുത്താമെന്ന് സെലക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായം വന്നുവെങ്കിലും ഇതിനെ രോഹിത് ശര്‍മ എതിര്‍ക്കുകയായിരുന്നുവെന്ന് ക്രിക്ക് അഡിക്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദിനത്തില്‍ സഞ്ജുവിന്റെ ആവശ്യമില്ലെന്നും കെ.എല്‍.രാഹുല്‍ തന്നെ ധാരാളമാണെന്നും രോഹിത് നിര്‍ദേശിക്കുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് ശ്രേയസിന് പകരക്കാരന്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :