രേണുക വേണു|
Last Modified തിങ്കള്‍, 2 ജനുവരി 2023 (10:20 IST)
വാഹനാപകടത്തില്‍ പരുക്കേറ്റ് കിടക്കുകയായിരുന്ന റിഷഭ് പന്തിനെ തനിക്ക് തിരിച്ചറിയാന്‍ സാധിച്ചില്ലെന്ന് താരത്തെ രക്ഷിച്ച ബസ് കണ്ടക്ടര്‍ സുശീര്‍ കുമാര്‍. ഏതോ ഒരു വ്യക്തി എന്ന നിലയിലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീടാണ് അത് ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് ആണെന്ന് മനസ്സിലായതെന്ന് സുശീല്‍ കുമാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
അങ്ങനെയൊരു അവസ്ഥയില്‍ അദ്ദേഹത്തെ റോഡില്‍ ഉപേക്ഷിച്ചു പോകാന്‍ എനിക്ക് തോന്നിയില്ല. ആ സമയത്ത് ആരെയും സഹായിക്കാന്‍ ഞാന്‍ കണ്ടില്ല. അദ്ദേഹത്തിന്റെ നെറ്റിയില്‍ നിന്നും കാലുകളില്‍ നിന്നും ഒരുപാട് രക്തം വരുന്നുണ്ടായിരുന്നു. നിലത്ത് കിടക്കുന്ന ഫോണ്‍ ചൂണ്ടിക്കാട്ടി തന്റെ അമ്മയുടെ നമ്പറിലേക്ക് വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ അമ്മയുടെ ഫോണ്‍ ഓഫ് ആയിരുന്നു. ക്രിക്കറ്റ് കാണാത്തതിനാല്‍ എനിക്ക് അത് റിഷഭ് പന്ത് ആണെന്ന് മനസ്സിലായില്ല. ബസില്‍ ഉണ്ടായിരുന്ന ഒരു യാത്രക്കാരനാണ് അത് ഇന്ത്യന്‍ ക്രിക്കറ്റര്‍ പന്ത് ആണെന്ന് പറഞ്ഞത്. എനിക്ക് സച്ചിനെയും ധോണിയെയും മാത്രമാണ് ആകെ അറിയുക.അദ്ദേഹം ക്രിക്കറ്റര്‍ ആയാലും ഒരു കോടീശ്വരന്‍ ആയാലും ആ സമയത്ത് അദ്ദേഹത്തെ സഹായിക്കുക, ഒരു ജീവന്‍ രക്ഷിക്കുക എന്ന് മാത്രമാണ് ഞാന്‍ വിചാരിച്ചത് - സുശീല്‍ കുമാര്‍ പറഞ്ഞു.