റിഷഭ് വന്നത് പുതുവർഷം അമ്മയ്ക്കൊപ്പം ആഘോഷിക്കാൻ, അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി

അഭിറാം മനോഹർ| Last Modified വെള്ളി, 30 ഡിസം‌ബര്‍ 2022 (15:16 IST)
കാറപകടത്തിൽ പരിക്കേറ്റ ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തു. രാവിലെ 5:30ന് ഉത്തരാഖണ്ഡിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങി പോയതിനെ തുടർന്നായിരുന്നു അപകടമെന്ന് പന്ത് പോലീസിനോട് വ്യക്തമാക്കി. പുതുവർഷം അമ്മയ്ക്കൊപ്പം ആഘോഷിക്കാനായി വീട്ടിലേക്ക് വരികയായിരുന്നു താരം.

അമ്മയ്ക്ക് സർപ്രൈസ് നൽകാനായിട്ടായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ അതൊരു അപകടത്തിൽ അവസാനിച്ചു. അത്ഭുതകരമായാണ് താരം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവസ്ഥലം സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. താരത്തിൻ്റെ കാൽ മുട്ടിനും കൈമുട്ടിനുമാണ് പ്രധാനമായും പരിക്കുകളുള്ളത്. പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. കാറിൻ്റെ ഗ്ലാസുകൾ സ്വയം തകർത്താണ് പന്ത് വാഹനത്തിൽ നിന്നും പുറത്തുവന്നത്. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചിരുന്നു.

ഒരു വർഷമെങ്കിലും താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പന്തിൻ്റെ ആരോഗ്യകരമായ തിരിച്ചുവരവിന് വേണ്ടി ക്രിക്കറ്റ് ലോകം ഒന്നാകെ പ്രാർഥനയിലാണ്. പാക് ക്രിക്കറ്റർ ഷഹീൻ അഫ്രീദി,ബംഗ്ല താരം ലിറ്റൺ ദാസ്, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി,വിവിഎസ് ലക്ഷ്മൺ, ജുലൻ ഗോസ്വാമി,സച്ചിൻ ടെൻഡുൽക്കർ തുടങ്ങിയവരെല്ലാം പന്ത് ഉടനെ തിരിച്ചുവരുമെന്ന് ആശംസിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :