ഭാഗ്യവശാൽ അപകടനില തരണം ചെയ്തു, ചാമ്പ്യൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിവിഎസ് ലക്ഷ്മൺ

അഭിറാം മനോഹർ| Last Updated: വെള്ളി, 30 ഡിസം‌ബര്‍ 2022 (12:29 IST)
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് ആശ്വാസമേകുന്ന വാർത്തയുമായി നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനും മുൻ ഇന്ത്യൻ താരവുമായ വിവിഎസ് ലക്ഷ്മൺ. പന്ത് അപകടനില തരണം ചെയ്തതായി ലക്ഷ്മൺ ട്വിറ്ററിൽ അറിയിച്ചു. പന്തിന് വേണ്ടി പ്രാർഥിക്കുന്നു. ഭാഗ്യവശാൽ അദ്ദേഹം അപകടനില തരണം ചെയ്തു. വളരെ വേഗം തിരിച്ചുവരാൻ ആശംസിക്കുന്നു. ചാമ്പ്യൻ വേഗം സുഖം പ്രാപിക്കട്ടെ. ലക്ഷ്മൺ കുറിച്ചു.

അപകടസമയത്ത് റിഷഭ് പന്ത് തന്നെയാണ് വാഹനം ഓടിച്ചതെന്നാണ് പ്രാഥമിക വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്ക് സമീപമാണ് അപകടമുണ്ടായത്. കാറിന് തീപിടിച്ചതിന് പിന്നാലെ ഗ്ലാസ് തകർത്താണ് താരം പുറത്തിറങ്ങിയത്. പന്തിൻ്റെ തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണ് പരിക്കുള്ളത്. കാലിലെ പൊട്ടലിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി താരത്തെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡൽഹിയിൽ നിന്നും മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാർ പൂർണമായും കത്തി നശിച്ചു. മോശം ഫിറ്റ്നസിനെ തുടർന്ന് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചേരാനൊരുങ്ങുകയായിരുന്നു താരം. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളാണ് പന്ത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :