ആ തോൽവി ദിവസങ്ങളോളം ഞങ്ങളെ അലട്ടി, ഞെട്ടലിലായിരുന്നു: രവി ശാസ്‌ത്രി പറയുന്നു

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (19:25 IST)
കഴിഞ്ഞ വർഷം ഓസ്ട്രേലിയക്കെതിരായ അഡലെയ്‌ഡ് ടെസ്റ്റിൽ നേരിട്ട ദയനീയ തോൽവിയിൽ മനസ്സ് തുറന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്‌ത്രി. അഡലെയ്‌ഡ് ടെസ്റ്റിലെ ‌തോൽവിയുടെ ഞെട്ടലിൽ നിന്ന് ദിവസങ്ങളോളം താനും ടീമും മുക്തരായില്ലെന്ന് രവിശാസ്‌ത്രി പറഞ്ഞു.

ഇത്തരം വമ്പന്‍ തോല്‍വികളില്‍ ആദ്യം വിമര്‍ശനത്തിനിരയാകുക സ്വാഭാവികമായും പരിശീലകനാണ്. അത് ഈ ജോലിയുടെ ഭാഗമാണ്. ആദ്യദിവസം മുതല്‍ അതിന് തയ്യാറായിട്ടെ ഈ ജോലിക്ക് ഇറങ്ങാനാകു. അഡലെയ്‌ഡിലെ തോൽവിക്ക് ശേഷം രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങൾ ഒന്നുമില്ലെന്ന് എനിക്കറിയാമായിരുന്നു.

മത്സരത്തിൽ തലേദവിസം ക്രീസ് വിടുമ്പോള്‍ ഒമ്പത് വിക്കറ്റുകൾ നമ്മുടെ കയ്യിൽ ഉണ്ടായിരുന്നു. അടുത്ത ദിവസം ബാറ്റിങിനിറങ്ങി
ഒരു 80ല്‍ കൂടുതല്‍ റണ്‍സ് കൂടി അടിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങൾ ചെയ്യേണ്ടിയിരുന്നത്. എന്നാൽ കളി നമ്മുടെ കയ്യിൽ തന്നെ ഇരുന്നേനെ. എന്നാൽ അതിന് സാധിക്കാതെ വന്നത് ഞെട്ടിച്ചു.ദിവസങ്ങളോളം ആ ഞെട്ടലില്‍ നിന്ന് പുറത്തുകടക്കാന്‍ ഞങ്ങള്‍ക്കായില്ല. എങ്ങനെയത് സംഭവിച്ചു എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല.

ആ തോൽവിയുടെ ഉത്തരവാദിത്തം ആദ്യമായി ഏറ്റെടുത്തത് ഞാനാണ്. ഇനി ഓടി ഓളിക്കാനാവില്ലെന്ന് ഞാൻ ടീം അംഗങ്ങളോട് പറഞ്ഞു. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും. അവിശ്വസനീയമായിരുന്നു അവരുടെ തിരിച്ചുവരവ്. 36ന് ഓള്‍ ഔട്ടായി ഒരു മാസം കഴിഞ്ഞപ്പോള്‍ നമ്മൾ ആ പരമ്പര 2-1ന് വിജയിച്ചു. ഞാൻ അതിനെ പറ്റി ഇപ്പോഴും ആലോചിക്കാറുണ്ട്. എങ്ങനെ അ‌ത് സംഭവിച്ചു എന്ന്.എനിക്കുറപ്പുണ്ട്, ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലത്തോളം ആളുകള്‍ ആ പരമ്പര നേട്ടത്തെക്കുറിച്ച് പറയും. രവി ശാസ്‌ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :