അഭിറാം മനോഹർ|
Last Modified ബുധന്‍, 6 ഏപ്രില്‍ 2022 (14:22 IST)
നിലവിൽ കളിക്കുന്ന ക്രിക്കറ്റ് താരങ്ങളിൽ ഏറെ കഴിവുകളുള്ള താരമെന്നാണ് സഞ്ജു സാംസണിനെ വിശേഷിപ്പിക്കുന്നത്. പ്രകടനത്തിൽ സ്ഥിരതയില്ലെന്ന വിമർശനത്തിന് ഒരു പരിധി വരെ തന്റെ പ്രകടനം കൊണ്ട് മറുപടി പറയാൻ ഐപിഎല്ലിലൂടെ താരത്തിനായിരുന്നു. ഇപ്പോളിതാ കൂടുതൽ മെച്ചപ്പെടാൻ സഞ്ജു ശ്രദ്ധിക്കേണ്ടത് ഒരു കാര്യത്തിൽ മാത്രമാണെന്ന് വ്യക്തമാക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്‌ത്രി.
ഇക്കുറി ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സഞ്ജു ബാറ്റ് കൊണ്ട് തിളങ്ങിയപ്പോൾ മൂന്നാം മത്സരത്തിൽ സഞ്ജു നിരാശപ്പെടുത്തി. ഷോട്ട് സെലക്ഷന്റെ കാര്യത്തിലാണ് സഞ്ജു ഇനി മെച്ചപ്പെടാനുള്ളതെന്നാണ് ശാസ്‌ത്രി പറയുന്നത്. ഇക്കാര്യത്തിൽ സഞ്ജു കോലിയെ മാതൃകയാക്കണമെന്നും ശാസ്‌ത്രി പറഞ്ഞു.
എതിരാളികളെ നന്നായി പഠിച്ച് അതിനനുസരിച്ച് ഷോട്ടുകൾ തിരെഞ്ഞെടുക്കാൻ സഞ്ജു ശ്രദ്ധിക്കണം. ഓരോ ബൗളറുടെയും ഏതൊക്കെ പന്തുകളിൽ ഏത് തരം ഷോട്ട് കളിച്ചാലാണ് ഗുണം ചെയ്യുകയെന്ന് സഞ്ജു മനസിലാക്കണം. ഇവിടെയാണ് കോലി മികച്ചുനിൽക്കുന്നത്. കോലിയുടെ പക്വതയും നിയന്ത്രണവും അച്ചടക്കവും എതിരാളിയെ പഠിക്കാനുള്ള കഴിവും ഉൾപ്പെടുത്താനായാൽ വമ്പൻ സ്കോറുകളിലേക്ക് സഞ്ജു കുതിക്കുമെന്നും ശാസ്‌ത്രി പറഞ്ഞു.