അഭിറാം മനോഹർ|
Last Modified ചൊവ്വ, 29 ഡിസംബര്‍ 2020 (19:58 IST)
ഓസ്ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിൽ 8 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ടീമിലെ അരങ്ങേറ്റക്കാരെ പ്രശംസിച്ച് നായകൻ അജിങ്ക്യ രഹാനെ. മെൽബൺ ടെസ്റ്റിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അരങ്ങേറ്റക്കാരായ ശുഭ്‌മാൻ ഗില്ലിനും സിറാജിനും വിജയത്തിന്റെ ക്രെഡിറ്റ് നൽകാൻ താൻ ആഗ്രഹിക്കുന്നതായും രഹാനെ പറഞ്ഞു.
ഫസ്റ്റ്‌ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്‌ച്ചവെച്ചിട്ടുള്ള താരമാണ് ശുഭ്‌മാൻ ഗിൽ. മെൽബണിലെ തന്റെ ആദ്യമന്ത്സരത്തിൽ മികച്ച മനസാന്നിധ്യവും ബാറ്റിങ് മികവും
ഗിൽ പ്രകടിപ്പിച്ചു. അരങ്ങേറ്റക്കാരനായ പേസ് ബൗളർ എന്ന നിലയിൽ അച്ചടക്കത്തോടെ പന്തെറിയുന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ അച്ചടക്കത്തോടെ പന്തെറിയാൻ തനിക്കാവുമെന്ന് മുഹമ്മദ് സിറാജ് തെളിയിച്ചു. രഹാനെ പറഞ്ഞു.
അതേസമയം മത്സരത്തിൽ ഓൾറൗണ്ട് മികവ് പുറത്തെടുത്ത രവീന്ദ്ര ജഡെജയേയും രഹാനെ പ്രശംസിച്ചു.അടുത്ത മത്സരത്തിൽ ടീമിലെ സീനിയർ താരമായ രോഹിത് ശർമ തിരിച്ചെത്തുന്നതിൽ സന്തുഷ്ടനാണെന്നും രോഹിത് കൂടി ടീമിൽ ജോയിൻ ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്നും രഹാനെ കൂട്ടിചേർത്തു.