നിസ്സരരായി കാണരുത്, പാകിസ്ഥാന് എട്ടിൻ്റെ പണി കൊടുത്ത് സിംബാബ്‌വെ പട, ആവേശപോരാട്ടത്തിൽ വിജയം ഒരു റൺസിന്

അഭിറാം മനോഹർ| Last Modified വ്യാഴം, 27 ഒക്‌ടോബര്‍ 2022 (20:21 IST)
ടി20 ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെ പാകിസ്ഥാന് ഞെട്ടിക്കുന്ന തോൽവി. താരതമ്യേന ദുർബലരായ സിംബാബ്‌വെയ്ക്കെതിരെ ഒരു റൺസിനാണ് പേരുകേട്ട പാക് നിര പരാജയപ്പെട്ടത്. ഇതോടെ ലോകകപ്പിൽ പാകിസ്ഥാൻ്റെ മുന്നോട്ടുള്ള യാത്ര പ്രതിസന്ധിയിലായി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. എന്നാൽ ഹാരിസ് റൗഫ് പാകിസ്ഥാന് ബ്രേക്ക് നൽകി. പിന്നാലെ തുടരെ വിക്കറ്റ് വീഴ്ത്തികൊണ്ട് ഷതബ് ഖാനും 4 വിക്കറ്റുമായ്യി യുവതാരം മുഹമ്മദ് വസീമും സിംബാബ്‌വെ നിരയെ തകർത്തു. 31 റൺസെടുത്ത സീൻ വില്യംസിൻ്റെ കരുത്തിൽ 130 റൺസാണ് സിംബാബ്‌വെ നേടിയത്.

വളരെ എളുപ്പത്തിൽ മത്സരം വിജയിക്കാമെന്ന ആലസ്യലായിരുന്നു പാക് ബാറ്റിങ് നിരയുടെ സമീപനം. എന്നാൽ തുടക്കത്തിൽ തന്നെ സൂപ്പർ താരങ്ങളായ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും മടക്കികൊണ്ട് സിംബാബ്‌വെ പാകിസ്ഥാനെ തളർത്തി. തുടരെ വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് ഉറച്ച് നിന്ന ഷാൻ മസൂദ് പാകിസ്ഥാൻ വിജയം ഉറപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും സിക്കന്ദർ രാസ താരത്തെ പുറത്താക്കിയത് മത്സരത്തിൽ നിർണായകമായി.

പാക് ബാറ്റർമാരെല്ലാം പരാജയപ്പെട്ട മത്സരത്തിൽ 44 റൺസുമായി ഷാൻ മസൂദും 22 റൺസുമായി മുഹമ്മദ് നവാസും മാത്രമാണ് തിളങ്ങിയത്. പാകിസ്ഥാൻ്റെ 3 മുൻനിര ബാറ്റർമാരെ പുറത്താക്കിയ സിക്കന്ദർ റാസയുടെ പ്രകടനമാണ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചത്. സൂപ്പർ ക്ലൈമാക്സിലേക്ക് നീങ്ങിയ മത്സരത്തിൻ്റെ അവസാന ഓവറിലെ അഞ്ചാം പന്തിൽ മുഹമ്മദ് നവാസിനെ കൂടി നഷ്ടമായ പാകിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 3 റൺസായിരുന്നു. എന്നാൽ അവസാനപന്തിൽ ഒരു റൺസ് മാത്രമാണ് പാകിസ്ഥാന് നേടാനായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :