ഒത്തുകളിച്ചല്‍ ഇനി പിടി വീഴും

ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (10:27 IST)
കായികരംഗത്ത് നടക്കുന്ന ഒത്തുകളി തടയുന്ന ബില്ലിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരം. ബില്ലില്‍ ഈ കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്നു.

ഐപിഎല്ലില്‍ നടന്ന ഒത്തുകളിയുടെ അന്വേഷണം നയിക്കുന്ന സമിതിയുടെ അധ്യക്ഷനായ ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്റെ മേല്‍നോട്ടത്തിലുള്ള സമിതിയാണ് കരട് ബില്‍ തയ്യാറാക്കിയത്.

ബില്ലിന്റെ കരടിന് അംഗീകാരം കൊടുത്തശേഷം കരട് നിയമ മന്ത്രാലയത്തിന് തിരിച്ചയച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് നിയമ മന്ത്രാലയം ഇതില്‍ വ്യക്തമായ കുറിപ്പ് തയ്യാറാക്കി മന്ത്രിസഭയ്ക്ക് കൈമാറും. എന്നാല്‍ ഇനി അധികാരത്തില്‍ വരുന്ന സര്‍ക്കാരായിരിക്കും ബില്ലില്‍ അവസാ‍ന തീരുമാനം കൈക്കൊള്ളുക.

ഒരു വ്യക്തിക്ക് നേരിട്ടോ അല്ലാതയോ കളിയുടെ ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ അയാള്‍ കുറ്റം ചെയ്തതായി കണക്കാക്കും. കളിയെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ നടന്നാല്‍ അറിയിക്കാതിരിക്കുക, കളിക്കാരന്‍ മോശമായി തുടര്‍ച്ചയായി കളിക്കുക, കളിയിലെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുക, കളിക്കാരെ സ്വാധിനിക്കാന്‍ ശ്രമിക്കുക എന്നിവയെല്ലാം കുറ്റകൃത്യത്തില്‍ ഉള്‍പ്പെടും.

ബില്ലിലെ വ്യവസ്ഥകള്‍പ്രകാരം പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവും 10 ലക്ഷംരൂപ പിഴയുമാണ്. ഇതു പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഒന്നാംക്ലാസ്സ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ടിലോ ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിലോ താഴെയുള്ള കോടതികള്‍ പരിഗണിക്കരുതെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :