ബൂമ്രയുടെ പരുക്ക് നമ്മള്‍ വിചാരിച്ചതുപോലെയല്ല, എപ്പോള്‍ ശരിയാകുമെന്ന് പറയാനാകില്ല!

ജസ്‌പ്രീത് ബൂമ്ര, ആശിഷ് നെഹ്‌റ, Jasprit Bumrah, Ashish Nehra
ജിയോ പാപ്പന്‍| Last Modified ചൊവ്വ, 1 ഒക്‌ടോബര്‍ 2019 (18:46 IST)
ക്രിക്കറ്റ് പ്രേമികളെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യന്‍ പേസ് മെഷീന്‍ ജസ്‌പ്രീത് ബൂമ്രയുടെ പരുക്കിനെപ്പറ്റിയുള്ള വാര്‍ത്ത പുറത്തുവന്നത്. നിസാര പരുക്ക് മാത്രമാണ് ബൂമ്രയ്ക്കുള്ളതെന്ന് കരുതിയ ആരാധകരെ ആശങ്കയിലാഴ്ത്തുന്നതായിരുന്നു തുടര്‍ന്നുള്ള സംഭവങ്ങള്‍. ബൂമ്രയ്ക്ക് പരുക്ക് അല്‍പ്പം ഗുരുതരമാണെന്നും രണ്ടുമാസത്തോളം കളിക്കാനാവില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ യുകെയില്‍ ചികിത്സയിലുള്ള ബൂമ്രയ്ക്ക് മൂന്ന് സ്പെഷ്യലിസ്റ്റുകളുടെ സേവനമാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മുന്‍ പേസ് ബൌളര്‍ ആശിഷ് നെഹ്‌റ കൂടുതല്‍ ആശങ്കാജനകമായ ഒരു വിവരം കൈമാറുകയാണ്. അതായത്, ഇപ്പോള്‍ ബൂമ്രയ്ക്കുണ്ടായിരിക്കുന്ന സ്ട്രെസ് ഫ്രാക്ചര്‍ പല കളിക്കാര്‍ക്കും പല രീതിയിലായിരിക്കും പരിഹരിക്കപ്പെടുകയെന്നും അതിനൊരു സമയപരിധി നിശ്ചയിക്കുക പ്രയാസമാണെന്നും നെഹ്‌റ പറയുന്നു. രണ്ടുമാസത്തിനുള്ളില്‍ ബൂമ്ര സുഖം പ്രാപിക്കുമെന്ന് തീര്‍ത്തുപറയാന്‍ കഴിയില്ലെന്നാണ് നെഹ്‌റ നല്‍കുന്ന വിവരം.

രണ്ടുമാസം കഴിയുമ്പോള്‍ ചിലപ്പോള്‍ തന്‍റെ പരുക്ക് ഭേദമായതായി ബൂമ്രയ്ക്ക് തോന്നാം. എന്നാല്‍ ആറുമാസം കഴിയുമ്പോള്‍ വീണ്ടും പഴയതുപോലെ പരുക്കിന്‍റെ പിടിയിലാകാം. ഇതാണ് സ്ട്രെസ് ഫ്രാക്ചറിന്‍റെ പ്രത്യേകതയെന്നും നെഹ്‌റ പറയുന്നു.

ചികിത്സയ്ക്കൊപ്പം ശരിയായ വിശ്രമവും കൃത്യമായ റീഹാബിലിറ്റേഷന്‍ പ്രോഗ്രാമുമാണ് ജസ്പ്രീത് ബൂമ്രയ്ക്ക് ആവശ്യം. അതിന് ശേഷം തനിക്ക് കളിക്കാന്‍ പറ്റുന്ന സാഹചര്യമുണ്ട് എന്ന് ബൂമ്രയ്ക്ക് തോന്നുന്ന സമയത്ത് മാത്രം മടങ്ങിയെത്തുന്നതാണ് ഉചിത്രം. ട്വന്‍റി20 ലോകകപ്പ് വരാനിരിക്കെ ധൃതി പിടിച്ച് ബൂമ്രയെ കളിക്കളത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നത് ശരിയായ തീരുമാനമായിരിക്കില്ല എന്നും ആശിഷ് നെഹ്‌റ മുന്നറിയിപ്പ് നല്‍കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :