Last Modified ബുധന്‍, 10 ജൂലൈ 2019 (14:17 IST)
ലോകകപ്പിന്‍റെ സെമിയില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങും മുമ്പ് ന്യൂസിലന്‍ഡിന് മുന്നറിയിപ്പ് നല്‍കി മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂമ്രയെ ഭയക്കണമെന്നാണ് കിവീസ് താരങ്ങൾക്ക് വെട്ടോറി നൽകുന്ന ഉപദേശം.
നിലവിലെ സാഹചര്യത്തില്‍ അടിസ്ഥാനപരമായി ബൂമ്രയെ നേരിടാന്‍ സാധിക്കില്ലെന്ന് വെട്ടോറി പറഞ്ഞു. ബൂമ്രയെ ഭയക്കണം, വിചാരിക്കുന്നതിലും അപകടകാരിയാണ് അയാൾ. ഇംഗ്ലണ്ട് പയറ്റിയ തന്ത്രമാണ് ഗുണം ചെയ്യുക. ബൂമ്രയുടെ പന്തുകൾ കഴിവതും ഒഴിവാക്കുക. കടന്നാക്രമിക്കാതെ മുട്ടി നിൽക്കുക അതാണ് കിവീസിന് വെട്ടോറി നൽകുന്ന ഉപദേശം.
ബൂമ്രയെ കടന്നാക്രമിക്കാതെ മറ്റു ബൗളമാര്‍ക്കെതിരെ ആഞ്ഞടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിച്ചത്. അതേനയമാണ് ഇന്നലത്തെ കളിയിൽ കിവീസ് കാഴ്ച വെച്ചത്. ഇന്ന് നടക്കാനിരിക്കുന്ന ബാക്കി മത്സരത്തിലും അത് തന്നെയാകും സംഭവിക്കുക. ട്രെന്‍റ് ബോള്‍ട്ടിനെ പോലെ ആവനാഴിയില്‍ ഒരുപാട് ആയുധങ്ങള്‍ ഉള്ള താരമാണ് ബൂമ്ര.
ഇന്ത്യയുടെ ബൌളിംഗ് നിരയിലെ തുറുപ്പ് ചീട്ട് ബൂമ്രയാണെങ്കിലും ബാറ്റിംഗ് നിരയിൽ രോഹിത് ശർമയാണ്. രോഹിതിനേയും ഭയക്കണമെന്നാണ് കിവീസിനു കിട്ടിയ നിർദേശം. ബോൾട്ടിന് രോഹിതിന്റെ വിക്കറ്റെടുക്കാൻ കഴിഞ്ഞാൽ ഇന്ത്യയുടെ കഥ കഴിഞ്ഞു എന്ന് തന്നെയാണ് അർത്ഥമെന്നാണ് അവർ പറയുന്നു. രോഹിതിന്റെ വിക്കറ്റ് എടുക്കാൻ സാധിച്ചില്ലെങ്കിൽ ഉറപ്പായും താരം സെഞ്ച്വറി അടിക്കും.
നിലവിൽ ഒരു വന്‍ സ്കോര്‍ നേടാനുള്ള എല്ലാ മരുന്നുകളും ന്യൂസിലന്‍ഡ് ടീമിലുണ്ട്. ഇന്ത്യക്കെതിരെ ഉപയോഗിക്കാവുന്ന വജ്രായുധം ട്രെന്‍റ്
ബോള്‍ട്ട് ആണെന്നും മുന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത് ബോള്‍ട്ടാണ്. നാല് വിക്കറ്റെടുത്തിരുന്നു താരം. രോഹിത്, ധവാന്‍, രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ് പുറത്താക്കിയത്.
ഇന്ത്യയുടെ ബാറ്റിംഗിനെ പ്രധാനമായും നയിക്കുന്നത് മുന്നേറ്റ നിരയായ രോഹിത് ശര്‍മ, കെ എൽ രാഹുല്‍, വിരാട് കോലി എന്നിവരാണ്. ഇന്ത്യയുടെ മുന്‍നിരയ്‌ക്കെതിരെ ട്രെന്‍ഡ് ബോള്‍ട്ടിന് മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. പ്രത്യേകിച്ച് രോഹിത് ശർമയ്ക്കെതിരെ. രോഹിത്തിനെ കരിയറില്‍ നാല് തവണ പുറത്താക്കിയിട്ടുണ്ട് ബോൾട്ട്. ബോൾട്ടിന്റെ പന്തിനെ നേരിടുക എന്നത് രോഹിതിന് സമ്മർദ്ദമേറിയ കാര്യമാണ്. രോഹിത്തിന്റെ ദൗര്‍ബല്യം മുതലെടുക്കേണ്ടത് എങ്ങനെയാണെന്ന് ബോൾട്ടിനറിയാം. ഈ മുതലെടുപ്പിന് മുന്നിൽ പതറാതെ നിൽക്കാൻ രോഹിതിനായാൽ കൈപ്പിടിയിലൊതുങ്ങുന്നത് പുതിയ റെക്കോർഡ് ആയിരിക്കും.
ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരങ്ങളിലും ബോള്‍ട്ട് മുന്നിലാണ്. കോലിയടക്കമുള്ള ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം വിഷമിപ്പിക്കാന്‍ പോകുന്നത് ബോള്‍ട്ടിന്റെ പന്തുകളാണ്. ബോൾട്ടിനെ ഇന്ത്യൻ ടീം എങ്ങനെയാണ് പ്രതിരോധിക്കുക എന്നത് കാത്തിരുന്ന് കാണാം.