ബുമ്രയുടെ കഴിവ് അപാരം, ബാറ്റ്സ്‌മാൻ‌മാരുടെ പേടിസ്വപ്നം!- പുകഴ്ത്തി വിൻഡീസ് താരങ്ങൾ

Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (13:24 IST)
ജസ്പ്രിത് ബുമ്രയുടെ കഴിവ് ലോകകപ്പ് വേദിയിൽ വെച്ച് ക്രിക്കറ്റ് ലോകം അംഗീകരിച്ചതാണ്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉജ്വലമായ സ്പെല്ലുമായി ഇന്ത്യയ്ക്ക് തകർപ്പൻ വിജയം സമ്മാനിച്ചിരിക്കുകയാണ് ബുമ്ര. ബുമ്രയ്ക്ക് അഭിനന്ദന പ്രവാഹമാണ്.

774 പോയിന്റുമായി ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ ഏഴാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് ബുമ്ര. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, വെസ്റ്റിൻഡീസ് എന്നീ രാജ്യങ്ങളിൽവച്ച് ടെസ്റ്റിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ ബോളർ ആയി മാറിയിരിക്കുകയാണ് ബുമ്ര.

ബുമ്രയെ പുകഴ്ത്തി മുൻ വിൻഡീസ് താരം കൂടിയായ കർട്‌ലി ആംബ്രോസ് രംഗത്തെത്തിയിരിക്കുകയാണ്. പ്രതലത്തിന്റെ സവിശേഷതകളും ബാറ്റ്സ്മാന്റെ രീതിയും മനസ്സിലാക്കി ലെങ്‌തിൽ വ്യതിയാനം വരുത്താനുള്ള ബുമ്രയുടെ കഴിവിനെ പ്രശംസിച്ചിരിക്കുകയണ് മുൻ താരം.

സാഹചര്യങ്ങൾക്കനുസരിച്ചാണ് ബോൾ എറിയുന്നത്. ബാറ്റ്സ്മാൻമാർക്ക് അദ്ദേഹമൊരു പേടിസ്വപ്നമാകുന്നത് വെറുതേയല്ല. ബാറ്റ്സ്മാന്മാരെ സമ്മർദ്ദത്തിലാക്കുന്ന കാര്യത്തിൽ ബുമ്ര മിടുക്കനാണ്. ബാറ്റ്സ്മാൻമാരെ അദ്ദേഹം വരിഞ്ഞുമുറുക്കുന്നത് എത്ര മികവോടെയാണ്. ബുമ്ര ഞങ്ങളിൽ ഒരാളാകേണ്ടതായിരുന്നു. ഏത് കാലത്തും വിജയിക്കുന്ന ബൌളറാണ് ബുമ്രയെന്ന് ആം‌ബ്രോസ് പറയുന്നു.

കണ്ട ഏറ്റവും മികച്ച ഇന്ത്യൻ പേസ് ബോളർ ബുമ്രയാണെന്ന് മുൻ വിൻഡീസ് താരം ആൻഡി റോബർട്സും അഭിപ്രായപ്പെട്ടു. കപിൽ ദേവ് അടക്കമുള്ളവർ ഉണ്ടായിട്ടുണ്ടെങ്കിലും ബുമ്രയേപ്പോലൊരു താരം ഇന്ത്യയിൽ നിന്നുണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലെന്ന് റോബേർട്സ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :